sabu
സാബു കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു

ചെങ്ങന്നൂർ: ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാനുളള വഴിയായി ലഹരിയെ കൂട്ടുപിടിക്കാൻ മോശം കൂട്ടുകാർ പഠിപ്പിച്ചപ്പോൾ ഇരുളടഞ്ഞുപോകുമായിരുന്ന ജീവിതം തിരിച്ചുപിടിച്ച് പുതുതലമുറയെ നേർവഴിക്ക് നടത്തുകയാണ് പുലക്കടവ് സ്വദേശി സാബു. ലഹരിക്കെതിരെ ബോധവത്കരണ ക്ളാസുകൾ നടത്തുകയാണ് ഇപ്പോൾ .

ബാല്യത്തിൽത്തന്നെ സാബുവിന് മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അനാഥാലയങ്ങളിൽ താമസിച്ചായിരുന്നു പഠനം. ഫോട്ടോഗ്രാഫി പഠിക്കുകയും, ഐ.ടി.എ വിജയിക്കുകയും ചെയ്തു. തിരിച്ച് വീട്ടിലെത്തിയപ്പോൾ ഒറ്റയ്ക്കായിരുന്നു താമസം. ഏക സഹോദരൻ തിരുവനന്തപുരത്ത് പി.ജി.ക്കു പഠിക്കുകയാണ്. തനിച്ചുള്ള ജീവിതത്തിനിടെ ദുഷിച്ച സൗഹൃദങ്ങളുടെ വലയിലായ സാബു ലഹരിക്കടിമയായി. അടുത്തിടെ നടന്ന ഒരു അടിപിടികേസിൽ സാബു വെണ്മണി പൊലീസിന്റെ പിടിയിലായി. ഇയാളുടെ സാഹചര്യവും, കുടുംബ പശ്ചാത്തലവും മനസിലാക്കിയ പൊലീസ് സാബുവിനെ കൗൺസിലിംഗിലൂടെ മാറ്റിയെടുക്കുകയായിരുന്നു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ ലഹരിമാഫിയയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി കേരള പൊലീസ് ആവിഷ്‌കരിച്ച യോദ്ധാവ് പദ്ധതിയുടെ ഭാഗമായാണ് വെണ്മണി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളുകളിലും കോളേജിലും ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് തന്റെ ദുരനുഭവങ്ങൾ വിവരിച്ചാണ് സാബു സംസാരിക്കുന്നത്.
കൊല്ലകടവ് മുഹമ്മദൻസ് ഗവ. ഹൈസ്‌കൂൾ, കോടുകുളഞ്ഞി ജെ.എം. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ബോധവത്കരണം നടത്തി. ചടങ്ങിൽ വെണ്മണി പൊലീസ് ഇൻസ്‌പെക്ടർ എ. നസീർ അദ്ധ്യക്ഷത വഹിച്ചു. , പൊലീസ് ഉദ്യോഗസ്ഥരായ ഹരികുമാർ, ജയരാജ്, ശ്യാം കുമാർ എന്നിവർ പങ്കെടുത്തു.