 
പന്തളം: കുട്ടിക്കാനത്തെ തണുപ്പിൽ പാറ മലകളിൽ അള്ളിപ്പിടിച്ച് കയറുമ്പോൾ അത് ഗ്വാളിയറിലെ പാറ മലകൾ കീഴടക്കാനുള്ള ആദ്യ കടമ്പയാണെന്ന് അമൃത കരുതിയില്ല. പിന്നെ ലഭിച്ച പരിശീലനങ്ങളും പട്ടാള ചിട്ടയിലുള്ള പരീക്ഷണങ്ങളുമെല്ലാം തരണം ചെയ്ത് കടന്നുകയറിയപ്പോൾ അത് ഒരാവേശമാവുകയായിരുന്നു. ഗ്വാളിയറിലെ പാറ മലകൾ കീഴടക്കാനുള്ള യാത്രയ്ക്ക് തയാറെടുക്കുകയാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ അമൃത എസ്.നായർ.ചങ്ങനാശേരി എൻ.സി.സി. അഞ്ചാം കേരളാ ബറ്റാലിയനെ പ്രതിനിധീകരിച്ചാണ് പന്തളം എൻ.എസ്.എസ്. ഗേൾസ് ഹൈസ്‌കൂളിലെ അമൃത ഡിസംബർ രണ്ടാമത്തെ വാരം ഗ്വാളിയറിലേക്ക് തിരിക്കുന്നത്. എൻ.സി.സി. ക്യാമ്പിൽ പങ്കെടുത്ത് കുട്ടിക്കാനത്തെ പാറ മലകൾ കീഴടക്കിയ ശക്തിയും ധൈര്യവും അമൃതയ്ക്ക് ആത്മവിശ്വാസം നൽകുന്നു. 20 ദിവസം നീണ്ടുനിൽക്കുന്ന പാറ കയറ്റ പരിശീലനത്തിലേക്കാണ് അമൃതയ്ക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾക്കൊപ്പം അമൃത ഗ്വാളിയറിലെ മലനിരകൾ കയറും. പട്ടാള ജീവിതം സ്പനംകണ്ടാണ് അമൃത എട്ടാംക്ലാസിൽ പഠിക്കുമ്പോൾ എൻ.സി.സി.യിൽ ചേർന്നത്. ഫയറിഗിംലും പരേഡിലും അമൃത മികവ് തെളിയിച്ചു. എൻ.സി.സി ഓഫീസർ കണ്ണനാണ് പാറകയറ്റത്തിൽ പരിശീലനം നൽകുന്നത്. സ്‌കൂളിലെ എൻ.സി.സി.ഓഫീസർ എസ്.സൗമ്യയുടെയും പ്രഥമാദ്ധ്യാപിക ടി.എസ്.ജ്യോതിയുടെയും പിന്തുണ അമൃതയ്ക്ക് ഓരോ ചുവടിലും ധൈര്യം പകരുന്നു. കുളനട പനങ്ങാട് ലക്ഷ്മിവിലാസത്തിൽ സതീഷ്‌കുമാറിന്റെയും വരലക്ഷ്മിയുടെയും മകളാണ് അമൃത.