മല്ലപ്പള്ളി : താലൂക്കിലെ തദ്ദേശസ്ഥാപനങ്ങളിലും മാലിന്യ നീക്കം ശാസ്ത്രീയമല്ലെന്ന് പരാതി. ഹരിത കർമ സേനകളും മിനി എം.സി.എഫുകളും മാലിന്യ നീക്കത്തിനായി തുടങ്ങിയത് വിപരീതഫലമാണ് ഉണ്ടാക്കിയിരിക്കുന്നത്. മിനി എം.സി.എഫുകളുടെ ചുറ്റും ആളുകൾ മാലിന്യം തള്ളാൻ തുടങ്ങിയത് കൂടുതൽ ദുരിതത്തിലേക്ക് നീങ്ങി. ശേഖരിച്ച മാലിന്യം മാസങ്ങളോളം നീക്കം ചെയ്യാതിരുന്നതോടെ പ്രദേശം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളായി മാറി. നാട്ടിലെ ഇറച്ചിക്കടകളുടെയും കോഴിക്കടകളുടെയും സമീപസ്ഥലങ്ങൾ തെരുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. മാംസം ആഹാരമാക്കുന്ന നായ്ക്കളാണ് കൂടുതലും ആക്രമണകാരികളായി മാറുന്നത്. മാലിന്യ നിർമ്മാർജനം കൂടി ഫലപ്രദമായി നടപ്പാക്കിയാൽ മാത്രമേ നിയന്ത്രണം നടപ്പാകുവെന്നു മൃഗസംരക്ഷണ ഉദ്യോഗസ്ഥർ പറയുന്നു. മല്ലപ്പള്ളിയിലും,എഴുമറ്റൂരിലും, കൊറ്റനാട്ടും,ചുങ്കപ്പാറ ജംഗ്ഷനുകളുടെ സമീപത്ത് കടകളുടെ പരിസരത്ത് തമ്പടിക്കുന്ന തെരുവുനായ്ക്കളാണ് രാത്രിയാത്രക്കാരായ ഇരുചക്ര വാഹങ്ങൾക്കും കാൽ നടയാത്രികർക്കും ഭീഷണിയാകുന്നത്. റോഡിന്റെ ഇരുവശത്തും ചാക്കിൽ കെട്ടി മാലിന്യം നിക്ഷേപിക്കുന്നതും നായ്ക്കൾ പെരുകാൻ ഇടയാക്കുന്നു.