കോന്നി ഗവ.മെഡിക്കൽ കോളേജിലെ ഇതുവരെയുള്ള ക്രമീകരണങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങളിലും മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ പ്രതിനിധികൾ തൃപ്തി രേഖപ്പെടുത്തിയതോടെ മെഡിക്കൽ കോളേജിന്റെ അനുമതി ഉറപ്പായതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. 2020 സെപ്തംബർ 14 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഒ.പി. പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവ ഹിച്ചത്.2021 ഫെബ്രുവരി 10ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ കിടത്തിച്ചികിത്സ ഉദ്ഘാടനം ചെയ്തു. 200 കിടക്കകളുള്ള ആശുപത്രി കെട്ടിടവും ,അനുബന്ധ സൗകര്യങ്ങളുമുൾക്കൊള്ളുന്ന രണ്ടാം ഘട്ടത്തിനായി 350 കോടിയുടെ പദ്ധതി 2021 ഫെബ്രുവരി 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ട നിർമ്മാണം പുരോഗമിക്കുകയാണ്. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ പ്രതിനിധികൾ ഓൺലൈനിലൂടെ നടത്തിയ ചർച്ചയിൽ മെഡിക്കൽ കോളേജിൽ നടത്തിയ ഇതുവരെയുള്ള ക്രമീകരണങ്ങളിലും നിർമ്മാണ പ്രവർത്തങ്ങളിലും തൃപ്തി രേഖപ്പെടുത്തുകയായിരുന്നു. 100 കുട്ടികൾക്ക് എം.ബി.ബി.എസ് പഠനം നടത്തുന്നതിനുള്ള അനുമതിക്കായുള്ള പരിശോധനയാണ് തൃപ്തികരമായി പൂർത്തീകരിച്ചിട്ടുള്ളത്.