റാന്നി: അട്ടത്തോട് ഗവ.എൽ.പി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ഇന്ന് രാവിലെ 11ന് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നിലയ്ക്കലിൽ വനം വകുപ്പ് വിട്ടു നൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം നിർമ്മിക്കുക. 3കോടി രൂപയാണ് നിർമ്മാണച്ചെലവ്.രണ്ട് നിലകളിലായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന് 12 ക്ലാസ് മുറികളും ഓഫീസ് മുറിയും സ്റ്റാഫ് റൂമും ഉണ്ടാകും. കൂടാതെ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനും ഭക്ഷണം നൽകുന്നതിനും പ്രത്യേക സംവിധാനവും ടോയ്‌ലറ്റ് ബ്ലോക്കുകളും ഉണ്ട്.ശബരിമല വനമേഖലയിൽ താമസിക്കുന്ന ആദിവാസി കുട്ടികൾക്ക് പഠനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018 എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ താൽക്കാലികമായി പ്രവർത്തിക്കുന്നത്. പ്രൈമറി മുതൽ നാലാം ക്ലാസ് വരെയാണ് ഇവിടെ ഉള്ളത്. ഇപ്പോൾ പഠിക്കുന്ന 52 കുട്ടികളിൽ 27 പേരും വനത്തിനുള്ളിൽ താമസിക്കുന്നവരാണ്. 5 അദ്ധ്യാപകരുണ്ട്. ളാഹ, മഞ്ഞത്തോട് അട്ടത്തോട്, നിലക്കൽ, പമ്പ ത്രിവേണി മേഖലകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ വിദ്യാഭ്യാസത്തിനായി എത്തുന്നത്. പെരിയാർ ടൈഗർ റിസർവ് വിട്ടു നൽകിയ സ്കൂൾ ബസിലാണ് കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത്. സ്കൂൾ കെട്ടിട നിർമ്മിക്കുന്നതിന് നേരത്തെ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ചില സാങ്കേതിക തടസങ്ങൾ കാരണം നിർമ്മാണം വൈകുകയായിരുന്നു.