 
മല്ലപ്പള്ളി : താലൂക്കിലെ പഞ്ചായത്തുകളിൽ അനധികൃതമായി കടത്തിയത് ലക്ഷങ്ങളുടെ മണ്ണ്. രാത്രിയുടെ മറവിലും രാവിലെ 4 മുതൽ 7 വരെയുമാണ് മണ്ണ് കടത്ത് താലൂക്കിൽ വ്യാപകമായി നടക്കുന്നത്. വെണ്ണിക്കുളം ജംഗ്ഷന് സമീപവും, ആനിക്കാട്, എഴുമറ്റൂർ, കുന്നന്താനം, കോട്ടാങ്ങൽ , കൊറ്റനാട് പ്രദേശങ്ങളിലും നിർമ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത്, വില്ലേജ്, ജിയോളജി വകുപ്പുകളിൽ നിന്നും ലഭിക്കുന്ന അനുമതിയുടെ (പെർമിറ്റിന്റെ ) മറവിലാണ് മണ്ണ് മാഫിയ ലക്ഷങ്ങളുടെ മണ്ണ് നീക്കം ചെയ്യുന്നത്. ദിവസേന അഞ്ചോ ആറോ വാഹനങ്ങളിൽ മണ്ണ് നീക്കം ചെയ്യുന്നതിനാകും അനുമതി ലഭിക്കുക ഈ അനുമതിയുടെ മറപറ്റിയാണ് പിന്നീട് കടത്ത് വ്യാപകമാക്കുന്നത്.ആനിക്കാട് പഞ്ചായത്തിൽ പുളിക്കാമലയിൽ അനധികൃത പച്ചമണ്ണ് കടത്തുവാൻ ശ്രമിച്ച രണ്ട് ടിപ്പർ ലോറികളും,രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും തഹസീദാരുടെ നേതൃത്വത്തിൽ പിടികൂടി. പുളിക്കാമലയിലെ ക്വാറിയോടു ചേർന്നുള്ള സ്ഥലത്തുനിന്നും ദിവസങ്ങളായി മണ്ണെടുപ്പ് നടക്കുന്നതായി കളക്ടർ ഉൾപ്പെടെയുള്ളവർക്കു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. പാറ ഉത്പന്നങ്ങളാണെന്ന് കരുതുന്ന വിധം മണ്ണിന് മുകളിൽ പടുത ഉപയോഗിച്ചു മൂട്ടിയാണ് ദിവസങ്ങളോളം മണ്ണ് കടത്തിയിരുന്നത്. തഹസിൽദാർ എം.എസ് രാജമ്മ, ഡപ്യൂട്ടി തഹസിൽദാർ ഷിബു തോമസ്, വില്ലേജ് ഓഫീസർ ജി.ജയശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ പിടികൂടിയത്. അനധികൃതമായി ഖനനം ചെയ്ത മണ്ണിന്റെ അളവെടുത്ത് മൈനിംഗ് ആൻഡ് ജിയോളജിക്കും തുടർ നടപടിയ്ക്കായി ജില്ലാ കളക്ടർക്കും സമർപ്പിയ്ക്കും. മണ്ണ് ഖനനം തടഞ്ഞ് നിരോധന ഉത്തരവും സ്ഥലം ഉടമയ്ക്ക് റവന്യു അധികാരികൾ നല്കി.
.....
പ്രദേശത്ത് മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്തംഗം മർദ്ദിച്ച സംഭവത്തിന്റെ അന്വേഷണവും പുരോഗമിക്കുമ്പോഴും പിറ്റേന്നുതന്നെ മണ്ണ് മാഫിയ നടത്തിയ മണ്ണ് വേട്ട ഭയാശങ്ക പരത്തുന്നുണ്ട്.
(നാട്ടുകാർ)