nn

പത്തനംതിട്ട: ഹർത്താലിൽ ബസുകൾക്കും കടകൾക്കും നേരെ കല്ലെറിയുകയും വാഹനങ്ങൾ തടയുകയും ചെയ്തതറിഞ്ഞ് ജനം ഭയന്ന് വീട്ടിലിരുന്നു. കെ.എസ്.ആർ.ടി.സി ബുകൾക്കു നേരെ പത്തനംതിട്ടയിലും കോന്നിയിലും പന്തളത്തും ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. ബസുകളുടെ ചില്ലുകൾ പൊട്ടി. ജില്ലയിൽ പല ഭാഗത്തും സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. കടകൾ ഭീഷണിപ്പെടുത്തി അടപ്പിച്ചു. ആക്രമണം ഭയന്ന് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. ജില്ലയിൽ ഹർത്താൽ വിജയമായിരുന്നുവെന്ന് പോപ്പുലർ ഫ്രണ്ട് അവകാശപ്പെട്ടു.

ബസ് സർവീസുകൾ ഇല്ലാതിരുന്നതിനെ തുടർന്ന് സർക്കാർ ഒാഫീസുകളിൽ ഹാജർ കുറവായിരുന്നു. ഇരുചക്ര വാഹനങ്ങളിൽ ചില ജീവനക്കാർ ഒാഫീസുകളിലെത്തി.

കളക്ടറേറ്റിൽ റവന്യു വിഭാഗത്തിൽ 115 ജീവനക്കാരിൽ 44പേർ ജോലിക്കെത്തി. അടൂർ ആർ.ഡി.ഒാഫീസിൽ 27ൽ ഒൻപത് പേരും തിരുവല്ലയിൽ 26ൽ ഒൻപത് പേരും ഹാജരായി.

അടൂർ താലൂക്ക് ഒാഫീസിൽ പകുതിയിലേറെ ജീവനക്കാർ ഹാജരായി. 145 പേരിൽ 78പേർ ജോലിക്കെത്തി.

കോന്നി, വി കോട്ടയം, ചിറ്റാർ വില്ലേജ് ഒാഫീസുകൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. ഹർത്താൽ അനുകൂലികൾ നഗരത്തിൽ പ്രകടനം നടത്തി.

കെ.എസ്.ആർ.ടി.സി സർവീസ് നടത്തി

ഹർത്താൽ ദിവസം ജില്ലയിൽ കെ.എസ്.ആർ.ടി.സി 70 ശതമാനം സർവീസുകൾ നടത്തി. പന്തളത്തും കോന്നിയിലും പത്തനംതിട്ടയിലും ഒാരോ ബസുകൾക്ക് നേരെ പോപ്പുലർ ഫ്രണ്ടുകാർ കല്ലെറിഞ്ഞെങ്കിലും മറ്റ് സർവീസുകൾ മുടക്കിയില്ല. വിവിധ ഡിപ്പോകളിൽ നിന്ന് പൊലീസ് സംരക്ഷണത്തോടെ ബസുകൾ സർവീസുകൾ നടത്തി. പത്തനംതിട്ട ഡിപ്പോയിലെ 51 സർവീസുകളിൽ 39 എണ്ണവും നടത്തി. കോന്നി ഡിപ്പോയിലെ ഒൻപത് ബസുകളും സർവീസ് നടത്തി. അടൂരിൽ 40ൽ 29, മല്ലപ്പള്ളയിൽ 26ൽ 18, തിരുവല്ലയിൽ 46ൽ 26, പന്തളത്ത് 16ൽ 12, റാന്നിയിൽ 11ൽ 9, ചെങ്ങന്നൂരിൽ 36ൽ 22 എന്നിങ്ങനെയാണ് സർവീസുകൾ നടത്തിയത്.