
പത്തനംതിട്ട: ബംഗളുരു യാത്ര കഴിഞ്ഞ് പത്തനംതിട്ടയിലെത്തി ആങ്ങമൂഴിക്ക് പോകാൻ ബസില്ലാതെ കൈക്കുഞ്ഞുമായി ഹർത്താലിൽ കുടുങ്ങിയ കുടുംബത്തിന് ട്രാഫിക് എസ്.എെ അസ്ഹർ ഇബ്നു മിർസാഹിബ് സഹായവുമായെത്തി. സുഹൃത്തായ ഹോട്ടലുടമ സാലി മുഹമ്മദിന്റെ വാഹനത്തിൽ ഇവരെ ആങ്ങമൂഴിയിലെത്തിച്ചു.ഇന്നലെ രാവിലെ എട്ടരയോടെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് പത്തനംതിട്ടയിലെത്തിയ ആങ്ങമൂഴി വലിയ പറമ്പിൽ വീട്ടിൽ എബിൻ, ഭാര്യ ഷീബ, ഒന്നര വയസുള്ള മകൻ ജോഹാൻ എന്നിവരാണ് ബസില്ലാതെ വലഞ്ഞത്. നഴ്സായ ഷീബയ്ക്ക് വിദേശത്തു പോകാനുള്ള പരീക്ഷയെഴുതാനാണ് ബംഗളുരുവിലേക്ക് പോയത്.
കെ.എസ്.ആർ.ടി.സി പത്തനംതിട്ട ബസ് സ്റ്റാൻഡിലെത്തി ആങ്ങമൂഴിക്ക് ബസില്ലാതെ വിഷമിച്ചിരുന്നപ്പോഴാണ് പട്രോളിംഗിന്റെ ഭാഗമായി ട്രാഫിക് എസ്.എെയും സംഘവും എത്തിയത്. ഇവിടെനിന്ന് ആങ്ങമൂഴിക്ക് ബസ് വിടുന്നില്ലെന്ന് അറിഞ്ഞതോടെ കുടുംബത്തെ സഹായിക്കാൻ സ്വന്തം ചെലവിൽ എസ്.എെ വാഹനം ഏർപ്പാടാക്കുകയായിരുന്നു.
നേരത്തെ, അപസ്മാരം വന്ന് റോഡിൽ തലയടിച്ച് വീണ യുവാവിനെ ആശുപത്രിയിലെത്തിച്ച പത്തനംതിട്ട നഗരത്തിലെ ഒാട്ടോ ഡ്രൈവർമാരെ അസ്ഹർ ഇബ്നു മിർസാഹിബ് പാരിതോഷികം നൽകി ആദരിച്ചിരുന്നു. കുമ്പഴയിൽ റോഡിലെ കുഴികൾ അടയ്ക്കാൻ മൺവെട്ടിയുമായി രംഗത്തിറങ്ങിയിരുന്നു. കൊവിഡ് ലോക്ഡൗണിൽ ജോലിയില്ലാതായ ഒാട്ടോറിക്ഷ ഡ്രൈവർക്കമാർക്കും സഹായം നൽകി. തനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ ഒരു വിഹിതമാണ് ഇത്തരം സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതെന്ന് അസ്ഹർ ഇബ്നു മിർസാഹിബ് പറഞ്ഞു.