പത്തനംതിട്ട : ടി.കെ. റോഡിൽ സെൻട്രൽ ജംഗ്ഷനും ആശുപത്രി ജംഗ്ഷനും മദ്ധ്യേ പൈപ്പുപൊട്ടി റോഡ് തകർന്നിട്ട് ഒന്നര മാസം കഴിഞ്ഞു. പുതിയ പൈപ്പിട്ട് കുടിവെള്ള പ്രശ്നം പരിഹരിച്ചെങ്കിലും റോഡ് വീണ്ടും ടാർ ചെയ്യുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. പി. ഡബ്ള്യു.ഡിയുടെ അധീനതയിലുള്ള റോഡാണെങ്കിലും പൊളിച്ച് പൈപ്പിട്ടത് വാട്ടർ അതോറിട്ടി ആയതിനാൽ നിർമ്മിച്ച് നൽകേണ്ട ഉത്തരവാദിത്വവും വാട്ടർ അതോറിട്ടിക്കാണ്. റോഡിന്റെ ഒരു വശം പൂർണമായും തകർന്നിട്ടുണ്ട്. റോഡരികിലെ കോൺക്രീറ്റ് ചെയ്ത കുറെ ഭാഗങ്ങൾ ഇളക്കിമാറ്റിയാണ് പൈപ്പിട്ടത്. കഴിഞ്ഞ ജൂലായ് 29 ന് പുലർച്ചെയാണ് വാട്ടർ അതോറിട്ടിയുടെ പ്രധാന പൈപ്പ് പൊട്ടിയത്. പൈപ്പുപൊട്ടി ശക്തിയായി വെള്ളം ഒഴുകാൻ തുടങ്ങിയതോടെ പമ്പിംഗ് നിറുത്തിവച്ചു. ഇതോടെ ഈ പ്രദേശത്തെ കുടിവെള്ള വിതരണവും മുടങ്ങി. പൈപ്പിന്റെ കാലപ്പഴക്കമാണ് പൈപ്പുപൊട്ടലിന് കാരണം. പൈപ്പ് പൊട്ടിയ ഭാഗത്ത് നിരവധി വാഹനങ്ങൾ ഇപ്പോൾ അപകടത്തിൽപ്പെടാറുണ്ട്. ഇവിടെ മണ്ണ് എടുത്ത് ഇട്ടിരിക്കുന്നതിനാൽ കുഴിയായി മാറിയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളിൽ പലതും ഈ കുഴിയിൽ വീണ് അപകടത്തിലാകാറുണ്ട്. സൂപ്പർ, ഫാസ്റ്റ് പാസഞ്ചറുകളടക്കം യാത്ര ചെയ്യുന്ന തിരക്കേറിയ റോഡാണിത്. ജനറൽ ആശുപത്രി അടുത്തായതിനാൽ ആംബുലൻസുകളടക്കം ചീറിപ്പായുന്ന റോഡിലാണ് ഇത്തരത്തിൽ കുഴിയുണ്ടായിട്ടും അധികൃതർ കാണാത്ത മട്ട് നടിക്കുന്നത്.

' ടാർ ചെയ്ത് പുനർ നിർമ്മാണം നടത്താൻ വാട്ടർ അതോറിട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഉടൻ പണി നടത്തുമെന്ന് അറിയിച്ചതായും പൊതുമരാമത്ത് അധികൃതർ അറിയിച്ചു.