 
മറ്റൊരു വീട്ടിലെ വാഹനങ്ങൾ നശിപ്പിച്ചു
അടൂർ: എസ്.എൻ.ഡി.പി യോഗം പെരിങ്ങനാട്ചാല 2006ാം നമ്പർ ശാഖാ പ്രസിഡന്റ് ചാലയിൽ പുത്തൻ വീട്ടിൽ രാധാകൃഷ്ണനെ
അജ്ഞാതൻ വീട്ടിൽ കയറി വെട്ടി. ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം. അടൂരിൽ രാത്രികാല ഹോട്ടലിൽ കാഷ്യറായി ജോലി നോക്കുന്ന രാധാകൃഷ്ണൻ പുലർച്ചെ 4.10 കഴിഞ്ഞാണ് വീട്ടിലെത്തിയത്. സഹോദരനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാധാകൃഷ്ണൻ അടുക്കള വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് വെട്ടേറ്റത്. തലയ്ക്കും ചെവിയുടെ ഭാഗത്തും മുഖത്തും ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ സഹോദരനും ഭാര്യയും അയൽവാസിയും ചേർന്ന് അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നേരത്തെ ചാല ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന പ്രതിയെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസിലേൽപ്പിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇൗപ്രതിയാണ് അക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ പുലർച്ചെതന്നെ രാധാകൃഷ്ണന്റെ വീടിന് നൂറ് മീറ്റർ പടിഞ്ഞാറ് ചാലയിൽ ശ്രീജാ ഭവനത്തിൽ സന്തോഷിന്റെ വീട്ടിലെ ബൈക്കിന് തീയിടുകയും, സമീപത്തിരുന്ന സ്കൂട്ടറിനും കാറിനും കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നുു. ഇവിടനിന്ന് രക്തക്കറ പുരണ്ട തോർത്ത് കിട്ടി. ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പൊലീസിൽ ഏൽപിക്കുന്നതിന് സന്തോഷും ഉണ്ടായിരുന്നു. പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി.