photo
ടാറിംഗിനായി സജ്ജമായ കോന്നി ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് ഭാഗം

വള്ളിക്കോട് : പരാതികൾ പരിഹരിച്ച് കോന്നി - ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് ഭാഗത്ത് റോഡ് നിർമ്മാണം പുരോഗമിക്കുന്നു. നാട്ടുകാരും വ്യാപാരികളും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടിയ ഓടയുടെ അശാസ്ത്രീയത പരിഹരിച്ചാണ് റോഡ് പണി നടക്കുന്നത്. കഴിഞ്ഞ ദിവസംതന്നെ പ്രശ്നം പരിഹരിച്ചെങ്കിലും ഇന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പ്രശ്നപരിഹാരമായെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിനുശേഷം ഇന്ന് ടാറിംഗ് നടത്തിയേക്കും.

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വ്യാഴാഴ്ച രാവിലെയാണ് റോഡ് പണി തുടങ്ങിയത്. പകൽ റോഡ് ലെവൽ ചെയ്ത് ഉറപ്പിച്ച ശേഷം രാത്രിയിൽ ടാറിംഗ് പൂർത്തിയാക്കാനായിരുന്നു ശ്രമമെങ്കിലും ഓടയുടെ അശാസ്ത്രീയത പ്രശ്നമായി. റോഡിൽ നിന്ന് ഉയർന്നാണ് ഓട നിൽക്കുന്നതെന്നും ഇതുമൂലം വെള്ളം ഒഴുകിപ്പോകാൻ കഴിയില്ലെന്നുമായിരുന്നു ആക്ഷേപം. ഇതേ തുടർന്ന് പൈപ്പ് ലൈൻ ഉപയോഗിച്ച് റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന ഓട രാത്രിയോടെ മാറ്റി ശാസ്ത്രീയമായി സ്ഥാപിക്കുകയായിരുന്നു. പ്രശ്നം പരിഹരിച്ച് ഇന്നലെ ടാറിംഗ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഹർത്താൽ പ്രതിസന്ധി സൃഷ്ടിച്ചു. ടാറിംഗിന് ആവശ്യമായ യന്ത്രസാമഗ്രികളും വാഹനങ്ങളും കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. എന്നാൽ കുമ്പനാട്ട് മിക്സിംഗ് പ്ളാന്റിൽ നിന്ന് ടോറസ് ലോറികളിൽ വേണം റബറൈസിഡ് ടാർ എത്തിക്കാൻ. ഹർത്താൽ കാരണം ഇതിന് കഴിഞ്ഞില്ല. റോഡിന് സമാനമായുള്ള വലിയ ഓടയ്ക്ക് മൂടി സ്ഥാപിക്കുന്നത് സംബന്ധിച്ചും തർക്കമുണ്ടെങ്കിലും ഇത് തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന്റെ നിലപാട്. ഓടയുടെ നിർമ്മാണം സ്വകാര്യ വ്യക്തിക്കാണ് കോൺട്രാക്ട് നൽകിയിരിക്കുന്നതെന്നും അവരാണ് അത് ചെയ്യേണ്ടതെന്നും ഉദ്യോഗസ്ഥർ ജനപ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. റോഡിന് കുറുകയുള്ള ഓടയുടെ പ്രശ്നം പരിഹരിക്കപ്പെട്ടാൽ ഇന്ന് തന്നെ ടാറിംഗ് പൂർത്തീകരിക്കാനാണ് തീരുമാനം.