kmc
മാലിന്യ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എം ചെറിയാൻ ആശുപത്രിക്കുമുൻപിൽ പ്രദേശവാസികൾ നടത്തിയ സമരം ആക്ഷൻ കൗൺസിൽ ചെയർമാൻ സജി പാറപ്പുറം ഉദ്ഘാടനം ചെയ്യുന്നു

കല്ലിശേരി കെ.എം ചെറിയാൻ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം

ചെങ്ങന്നൂർ: ആശുപത്രി മാലിന്യം മൂലം സഹികെട്ട നാട്ടുകാർ പ്രതിഷേധവുമായി ആശുപത്രിക്ക് മുന്നിലെത്തി. കല്ലിശേരി കെ.എം ചെറിയാൻ ആശുപത്രിയിലെ മാലിന്യവും കക്കൂസ് മാലിന്യവും തുറസായ സ്ഥലത്തേക്ക് ഒഴുക്കുന്നതിലും ഖരമാലിന്യങ്ങൾ മുൻകരുതലുകളെടുക്കാതെ കത്തിക്കുന്നതിലും പ്രതിഷേധിച്ചാണ് നാട്ടുകാർ സംഘടിച്ചത്. ആശുപത്രിമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാതെ സമീപത്തെ കുഴിയിലേക്ക് ഒഴുക്കിവിടുകയാണ്. മാലിന്യത്തിന്റെ ഊറ്റൽ സമീപത്തെ കിണറുകളിലേക്കും ശുദ്ധജല സ്രോതസുകളിലേക്കും എത്തുന്നതായാണ് നാട്ടുകാരുടെ പരാതി.
2021 ജനുവരി യിലാണ് ആശുപത്രി തുടങ്ങിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആശുപത്രി തുടങ്ങിയതെന്ന് പരാതിയുണ്ടായിരുന്നു. ഭരണകക്ഷിയിലെ ചിലരുടെ സ്വധീനത്തെ തുടർന്ന് മതിയായ പരിശോധന നടത്താതെയാണ് ആശുപത്രിയുടെ പ്രവർത്തനത്തിന് അനുമതി നൽകിയതെന്ന് പറയപ്പെടുന്നു. സോക്ക്പിറ്റ് നിർമ്മാണം പൂർത്തിയാക്കാതെയാണ് പ്രവർത്തനം തുടങ്ങിയത്. പ്രവർത്തനം ആരംഭിച്ച് 6മാസം കഴിഞ്ഞപ്പോഴേക്കും മാലിന്യപ്രശ്‌നം ആരംഭിച്ചു.
ആശുപത്രി മാലിന്യവും കക്കൂസ് മാലിന്യവുംശരിയായ രീതിയിൽ സംസ്കരിക്കാതെ ദുർഗന്ധം മാറ്റുന്നതിന് ചില കെമിക്കലുകൾ ചേർത്ത ശേഷം തുറസായ സ്ഥലത്തേക്ക് ഒഴുക്കിവിട്ടു. ഈ മലിനജലം ഉറവകളായി സമീപത്തെ കിണറുകളിലേക്ക് എത്തിയതോടെ അന്നും ജനങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് മാലിന്യം ടാങ്കറിൽ ശേഖരിച്ച് ആലപ്പുഴയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കാമെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകി. എന്നാൽ ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം സമീപത്തെ തുറസായ സ്ഥലത്തേക്കും പമ്പാ നദിയിലേക്കും ഒഴുക്കിയത് നാട്ടുകാർ പിടികൂടി താക്കീത് ചെയ്തിരുന്നു.
ആശുപത്രി മാലിന്യം കലർന്ന വെള്ളം കുടിച്ച് വളർത്തു മൃഗങ്ങൾ ചാവുകയും മരങ്ങൾ ഉണങ്ങുകയും ചെയ്യുന്നതായി സമീപ വാസികൾ പറഞ്ഞു. കുട്ടികൾക്കും പ്രായമായവർക്കും ശ്വാസതടസവും ത്വക്ക് രോഗവും ബാധിക്കുന്നു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയതിനുശേഷമാണ് ജനങ്ങൾ സംഘടിച്ചെത്തി പ്രതിഷേധ സമരം ആരംഭിച്ചത്.

സമരം സൂചനമാത്രം: ആക്ഷൻ കൗൺസിൽ

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട ഭരണകൂടം ആശുപത്രി അധികൃതരുടെ പ്രലോഭനങ്ങൾക്ക് വഴങ്ങി കാഴ്ചക്കാരായതാണ് പ്രദേശവാസികൾ ദുരിതത്തിലാകാൻ കാരണമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ സജി പാറപ്പുറം പറഞ്ഞു. ആശുപത്രിയിലെ മലിനജലവും പുകയും ഗുരുതര ആരോഗ്യ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ജനങ്ങളുടെ സമ്മതം വാങ്ങാതെയും മതിയായ മുന്നൊരുക്കം നടത്താതെയുമാണ് ആശുപത്രി ആരംഭിച്ചത്. മാലിന്യ സംസ്‌കരണ പ്ലാന്റുപോലും സ്ഥാപിക്കാതെ ആശുപത്രി പ്രവർത്തിക്കാൻ അനുമതി നൽകിയതിനു പിന്നിൽ ദുരൂഹമായ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരെയും ഭരണകൂടത്തെയും കൂട്ടുപിടിച്ച് ആശുപത്രി അധികൃതർ നിയമലംഘനം തുടരുകയാണെങ്കിൽ ശക്തമായ നിയമ നടപടിയും പ്രക്ഷോഭവുമാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ യോഗത്തിൽ ആക്ഷൻ കൗൺസിൽ സെക്രട്ടറി ബിനുമോൻ അദ്ധ്യക്ഷത വഹിച്ചു. ഉമയാറ്റുകാവ് ദേവീക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് അജി.ആർ നായർ, റെജി പാലത്തിനാൽ, ഷൈനി പാലത്തിനാൽ ജോയിമുട്ടത്ത് എന്നിവർ പ്രസംഗിച്ചു.

ചർച്ചവേണ്ട,​ പ്രശ്നം പരിഹരിച്ചാൽ മതി

ആശുപത്രിക്കുമുൻപിൽ നാട്ടുകാർ നടത്തിയ സമരത്തെ തുടർന്ന് വിഷയം ചർച്ച ചെയ്യാൻ ആശുപത്രി അധികൃതർ സമര സമിതി നേതാക്കളെ ആശുപത്രിക്കുളളിലേക്ക് ക്ഷണിച്ചു. എന്നാൽ ചർച്ചയിൽ പങ്കെടുക്കാൻ സമരസമിതി വിസമ്മതിച്ചു. മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാതെ ചർച്ചയില്ലെന്നാണ് സമരസമിതിയുടെ നിലപാട്. നിരവധി തവണ ആശുപത്രി അധികൃതരോട് മാലിന്യ സംസ്‌കരണത്തിന് കൃത്യമായ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും നിഷേധ നിലപാടാണ് അധികൃതർസ്വീകരിച്ചിരുന്നതെന്നും സമരസമിതി ചെയർമാനും സെക്രട്ടറിയും പറഞ്ഞു.