ekkal
കഴിഞ്ഞ സീസണിൽ വാരിയിട്ട എക്കൽമണ്ണ് പെരിങ്ങര റോഡിൽ കാവുംഭാഗം പാലത്തിന് സമീപം തോടിന്റെ പകുതിയോളം ഒഴുകിയെത്തിയ നിലയിൽ

തിരുവല്ല: അപ്പർകുട്ടനാടൻ മേഖലയിലെ തോടുകളിൽ വർഷംതോറും നടക്കുന്ന ചെളിനീക്കം ചിലയിടങ്ങളിൽ പ്രഹസനമാകുന്നു. യന്ത്രങ്ങളുടെ സഹായത്തോടെ തോടുകളിൽ നിന്നും വാരിനീക്കുന്ന ചെളി സമീപത്ത് തന്നെ നിക്ഷേപിക്കുന്നതാണ് വിനയാകുന്നത്. വേനൽക്കാലത്ത് തോടുകളുടെ അരികിൽ വാരിയിടുന്ന ചെളി മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ ഒഴുകി വീണ്ടും തോട്ടിലെത്തുന്നു. പെരിങ്ങര തോട്ടിലെ ചെളിനീക്കം ഇതിനുദാഹരണമാണ്. കഴിഞ്ഞ സീസണിൽ ഇവിടെനിന്ന് വാരിനീക്കിയ ചെളി ഒഴുകിയെത്തി കാവുംഭാഗം പാലത്തിന് സമീപം ഇപ്പോൾ വലിയ തുരുത്തായി രൂപപ്പെട്ടു. കാവുംഭാഗം പാലത്തിന് സമീപത്ത് നിന്നും വാരിക്കൂട്ടിയ ചെളി എതിർവശത്ത് കുട്ടിയിട്ടിരുന്നതാണ് വീണ്ടും തോട്ടിലേക്ക് ഒഴുകിയെത്തിയത്. ഈപ്രശ്നം നാട്ടുകാർ ഉൾപ്പെടെ അന്ന് ജലസേചന വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതുകാരണം തോടുകളുടെ പലഭാഗങ്ങളിലും എക്കൽ കുമിഞ്ഞുകൂടി വലിയ തുരുത്തുകൾ രൂപപ്പെട്ടിരിക്കുകയാണ്. മഴക്കാലത്ത് തോടുകളിൽ വെള്ളം നിറയുന്നതിനാൽ തുരുത്തുകൾ ശ്രദ്ധയിൽപ്പെടില്ല. വേനലിൽ തോടുകളിലെ വെള്ളം കുറയുമ്പോഴാണ് തുരുത്തുകൾ പ്രത്യക്ഷപ്പെടുന്നത്. ഈ തുരുത്തുകൾ കാരണം തോടുകളിൽ സുഗമമായ നീരൊഴുക്ക് വേനലിൽ തടസപ്പെടുന്നു. വേനലിന്റെ കാഠിന്യമേറുമ്പോൾ നീരൊഴുക്കില്ലാതെ തോട് വറ്റിവരളുന്ന കാഴ്ചയാണ്. അപ്പർകുട്ടനാട്ടിലെ തോടുകൾ ആശ്രയിച്ചാണ് നൂറുകണക്കിന് കർഷകർ നെൽകൃഷി ഉൾപ്പെടെ ചെയ്യുന്നത്.

പാഴാക്കുന്നത് കോടികൾ
അപ്പർകുട്ടനാടൻ മേഖലകളിലെ തോടുകളുടെ ആഴംകൂട്ടാനും ശുചീകരിക്കാനുമായി കോടിക്കണക്കിന് രൂപയാണ് സർക്കാർ അനുവദിക്കുന്നത്. എന്നാൽ സർക്കാരിന്റെ ലക്ഷ്യത്തെ തകിടം മറിക്കുന്ന പ്രവർത്തികളാണ് നടക്കുന്നത്. കരാർ ജോലികൾ നടക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇടയ്ക്കിടെ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയോ കരാറുകാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയോ ചെയ്യാറില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതുകാരണം പ്രവർത്തികൾ തോന്നിയപോലെ പൂർത്തിയാക്കി കരാറുകാരും സ്ഥലംവിടുകയാണ് പതിവ്.

സർക്കാരിന് നേട്ടമാക്കാം
തോട് ആഴംകൂട്ടുമ്പോൾ ലഭിക്കുന്ന എക്കൽ കലർന്ന ചെളി തോടിന് സമീപത്ത് നിന്നും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചാലേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ. വാരിനീക്കുന്ന ചെളി അവിടെനിന്ന് കൊണ്ടുപോകാനുള്ള അനുമതി നൽകുകയോ കരാർ തുകയിൽ ഈ തുക കുറയ്ക്കുകയോ ചെയ്‌താൽ സർക്കാരിനും നേട്ടമാകും. ഇത്തരത്തിൽ വൻതോതിൽ ലഭിക്കുന്ന എക്കലിന് ആവശ്യക്കാരും ഏറെയാണ്.