venmoney
കെ-ഫോൺ നൽകുന്നതിൽ അഴിമതി ആരോപിച്ച് ബി.ജെ.പി അംഗങ്ങൾ വെണ്മണി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചപ്പോൾ

ചെങ്ങന്നൂർ: കെ - ഫോൺ നൽകിയതിൽ അഴിമതിയുണ്ടെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങൾ വെണ്മണി പഞ്ചായത്ത് ഓഫീസിനുമുൻപിൽ പ്രതിഷേധ സമരം നടത്തി. ഗ്രാമപഞ്ചായത്തിൽ 15 കുടുംബങ്ങൾക്കാണ് കെ - ഫോൺ നൽകുമെന്ന് അറിയിച്ചിരുന്നത്. വെണ്മണി പഞ്ചായത്ത് ഭരണപക്ഷ അംഗങ്ങളുടെ മുഴുവൻ വാർഡുകളിലും കെ - ഫോൺ അനുവദിക്കുകയും പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽ ചിലർക്കുമാത്രം നൽകുകയും ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്. പഞ്ചായത്തിൽ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും ഭരണപക്ഷം ഏകപക്ഷീയമായിട്ടാണ് കാര്യങ്ങൾ നടപ്പിലാക്കുന്നതെന്നും പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ മനോഹരൻ മണക്കാല പറഞ്ഞു. 15 അംഗ പഞ്ചായത്തിൽ ഭരണപക്ഷമായ എൽ.ഡി.എഫിന് 7, ബി.ജെ.പിക്ക് 5,യു.ഡി.എഫിന് മൂന്നും സീറ്റാണുളളത്. ഇതിൽ ഭരണപക്ഷ അംഗങ്ങളുടെ വാർഡുകളിലേക്ക് 7, ബി.ജെ.പി അംഗങ്ങളുടെ വാർഡുകളിലേക്ക് 2, യു.ഡി.എഫിന് ഒരു കെ-ഫോൺ കണക്ഷനുമാണ് നൽകിയത്. ഓരോ ഗ്രാമപഞ്ചായത്തിലും 15 കുടുംബങ്ങൾക്ക് കെ - ഫോൺ കണക്ഷൻ നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വെണ്മണിയിൽ ജനറൽ വിഭാഗത്തിനായി 9, എസ്.സി വിഭാഗത്തിന് ഒരു കണക്ഷനും മാത്രമാണ് അനുവദിച്ചത്.