1
ആനയടി - കൂടൽ റോഡ് തുടങ്ങുന്ന കോട്ടപ്പുറം ഭാഗം

പള്ളിക്കൽ : ആനയടി - കൂടൽ റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതായി പരാതി. 2017ൽ റോഡിന്റെ പണി ആരംഭിച്ചതാണ് എന്നാൽ വർഷം അഞ്ച് കഴിഞ്ഞിട്ടും റോഡുപണി എങ്ങുമെത്തിയിട്ടില്ല. പൊടിതിന്ന് ദുരിതമനുഭവിക്കുകയാണ് പ്രദേശവാസികളും യാത്രക്കാരും. ഒരു വർഷം കൊണ്ട് പണി തീരുമെന്നാണ് അധികൃതർ പറഞ്ഞത്. റോഡിന്റെ വീതികൂട്ടി മെറ്റൽ വിരിച്ച് ടാർ ചെയ്യാൻ പരുവത്തിൽ കിടക്കുകയാണ്. ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ഇരു ഭാഗങ്ങളിലായി 100ൽ അധികം വീടുകളുണ്ട്. ഇവരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ജില്ലാ അതിർത്തിയായതിനാൽ ജനപ്രതിനിധികളുടെ ഇടപെടൽ ഇവിടെ കാര്യമായി നടക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ടാർ ചെയ്യാത്തതെന്തെന്ന ചോദ്യത്തിന് ഉടൻ ചെയ്യും എന്ന ഒഴുക്കൻ മറുപടി മാത്രമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. വെള്ളച്ചിറയിൽ നിന്നും, ചെറുകുന്നം, കൈതക്കൽ ഭാഗത്തുനിന്നും ആനയടി, ഭാഗത്തേക്കും, ശൂരനാട് ചക്കുവള്ളി ഭാഗത്തേക്കും പോകുന്നവർ ഈ വഴിയാണ് യാത്ര ചെയ്യുന്നത്. അതിനാൽ വാഹനങ്ങളുടെ തിരക്കും കൂടുതലാണ്. റോഡ് പണിയുടെ ആരംഭത്തിൽ കരാറുകാർ വെള്ളം റോഡിൽ തളിക്കുമായിരുന്നെങ്കിലും ഇപ്പോൾ അതുമില്ല. ഇനി എത്ര കാലം കൂടി പൊടി തിന്ന് ദുരിതമനുഭവിക്കണമെന്നതാണ് പ്രദേശവാസികൾ ചോദിക്കുന്നത്.

കൈയേറ്റം ഒഴിപ്പിക്കാൻ നടപടിയില്ല

പള്ളിക്കൽ: ആനയടി - കൂടൽ റോഡിൽ പരീക്ഷണാടിസ്ഥാനത്തിൽ ജർമ്മൻ ടെക്നോളജി ഉപയോഗിച്ച് ടാർ ചെയ്ത ഭാഗത്ത് കൈയേറ്റം ഒഴിപ്പിക്കാൻ നടപടിയില്ല. വെള്ളച്ചിറ മുതൽ - പള്ളിക്കൽ പഞ്ചായത്ത് ഓഫീസിന് വടക്കുവശം വരെയുള്ള അഞ്ചുകിലോമീറ്റർ ദൂരമാണ് ജർമ്മൻ ടെക്നോളജി ഉപയോഗിച്ച് ടാർ ചെയ്തത്. ഈ ഭാഗത്ത് റോഡിന്റെ സ്ഥലം കൈയേറി മതിൽ കെട്ടുകയും സ്വന്തം സ്ഥലത്തോട് ചേർക്കുകയും ചെയ്തിട്ടുണ്ട്. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ പെട്ടെന്നുള്ള തീരുമാനപ്രകാരമാണ് ജർമ്മൻ ടെക്നോളജി ഉപയോഗിച്ച് ടാർ ചെയ്തത്. ആനയടി മുതൽ കൂടൽ വരെയും റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് റോഡ് അളന്ന് തിട്ടപ്പെടുത്തി കൈയേറിയ സ്ഥലങ്ങൾ 90 ശതമാനവും റോഡിന്റെ ഭാഗമാക്കി. എന്നാൽ ജർമ്മൻ ടെക്നോളജി ടാർ ചെയ്ത അത്രയും ഭാഗം കല്ലിട്ടതല്ലാതെ കൈയേറ്റം ഒഴിപ്പിച്ചില്ല. ഇപ്പോൾ കല്ലും പലയിടത്തും കാണാതായി. കൈയേറ്റക്കാരിൽ വലിയ മതിൽ കെട്ടിയ ചിലരുടെ ഉന്നത രാഷ്ട്രീയ സ്വാധീനമാണ് കൈയേറ്റം ഒഴിപ്പിക്കാത്തതെന്നാണ് അറിയുന്നത്. ഇവിടെ റോഡിന്റെ ടാർ വീതി മാത്രമാണുള്ളത്. കൊല്ലം, ആലപ്പുഴ ജില്ലാ അതിർത്തി കൂടിയായതിനാൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. വീതി കൂട്ടണമെങ്കിൽ കൈയേറ്റം ഒഴിപ്പിക്കണം. ഉടനെ ഒഴിപ്പിക്കുമെന്ന മറുപടി അധികൃതർ പറയുന്നുണ്ടെങ്കിലും എപ്പോൾ എന്നു മാത്രം അധികൃതർ പറയുന്നില്ല.