 
വള്ളിക്കോട് : കോന്നി - ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് മൂഴി പാലത്തിന്റെ സംരക്ഷഭിത്തി തകർന്ന് വീണു. ഇതേ തുടർന്ന് ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. താഴൂർക്കടവിനും ദീപാ ജംഗ്ഷനും ഇടയിൽ വള്ളിക്കോട് പഞ്ചായത്തിലെ നാലാം വാർഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വലിയ ശബ്ദത്തോടെ കരിങ്കല്ല് ഉപയോഗിച്ച് നർമ്മിച്ചിരുന്ന പാലത്തിന്റെ സംരക്ഷഭിത്തി തോട്ടിലേക്ക് വീഴുകയായിരുന്നു. അപ്രതീക്ഷിത ശബ്ദം കേട്ട് സമീപത്തെ കടക്കാരും ബസ് കാത്ത് നിന്നവരും ഭയന്നോടി.തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ സംരക്ഷഭിത്തി തകർന്ന് തോട്ടിലെ വെള്ളത്തിലേക്ക് പതിച്ചത് കണ്ടെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായരും പൊതുമരാമത്ത് വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പാലത്തിന്റെ ഒരു ഭാഗത്തുകൂടി മാത്രമാണ് ഇപ്പോൾ ഗതാഗതം അനുവദിച്ചിരിക്കുന്നത്. ഭാരം കയറ്റിയ ടോറസ്, ടിപ്പർ ലോറികൾ ഉൾപ്പെടെ തലങ്ങും വിലങ്ങും പായുന്ന റോഡാണിത്. വലിയ വാഹനതിരക്കാണ് എപ്പോഴും ഈ റോഡിൽ അനുഭവപ്പെടുന്നത്. കോന്നി, പത്തനംതിട്ട ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ചന്ദനപ്പള്ളി, കൊടുമൺ, തട്ട, അടൂർ ഭാഗങ്ങളിലേക്ക് പോകാൻ എളിപ്പവഴിയായി ഉപയോഗിക്കുന്ന റോഡുകൂടിയാണിത്. പാലത്തിന്റെ ബലക്ഷയം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.