അടൂർ : എസ്. എൻ. ഡി. പിയോഗം പഴകുളം ചാല ശാഖാ പ്രസിഡന്റ് രാധാകൃഷ്ണനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ അറസ്റ്റുചെയ്യാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ, കൺവീനർ അഡ്വ. മണ്ണടി മോഹൻ എന്നിവർ ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടാത്ത പൊലീസ് നടപടി അപലപനീയമാണ്. സംഭവമറിഞ്ഞ് യൂണിയൻ കൺവീനർ ഉൾപ്പെടെയുള്ളവർ വീ‌ടു സന്ദർശിക്കുകയും ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തു. പ്രതിയെ സംബന്ധിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും പിടികൂടുന്നതിൽ പൊലീസ് കാട്ടുന്ന അലംഭാവം വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കും. ഇത് സംബന്ധിച്ച് യൂണിയൻ ഭാരവാഹികൾ അടൂർ പൊലീസ് എസ്. എച്ച്. ഒ. യുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. പ്രതിയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന ഉറപ്പുനൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്ന് അവർ പറഞ്ഞു. സംഭവത്തിൽ യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പടുത്തി.