25-pdm-muni
ഹരിതമിത്രം ' എന്ന മൊബൈൽ ആപ്ലിക്കേഷൻ നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താന് ക്യൂ.ആർ കോഡ് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

പന്തളം : പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ പന്തളം നഗരസഭയിൽ സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് പദ്ധതി ആരംഭിച്ചു. പദ്ധതിക്കായി 'ഹരിതമിത്രം ' എന്ന മൊബൈൽ ആപ്ലിക്കേഷനും നഗരസഭ അവതരിപ്പിച്ചു. തവളം കുളത്ത് നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താന് ക്യൂ.ആർ കോഡ് കൈമാറി ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഘം പുത്തൻ കളിയീക്കൽ വീട്ടിലെത്തി ക്യൂ.ആർ കോഡ് അടങ്ങിയ സ്റ്റിക്കർ പതിപ്പിച്ചു. ഹരിതകേരള മിഷന്റയും ശുചിത്വമിഷന്റയും കെൽട്രോണിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ആദ്യഘട്ടത്തിൽ പുതിയ പദ്ധതി വഴി 5,000 ക്യൂ.ആർ കോഡുകൾ വീടുകളിലും സ്ഥാപനങ്ങളിലും പതിക്കും. ഇതിനായി ഓരോ വാർഡിലും പരിശീലനം ലഭിച്ച രണ്ട് ഹരിതകർമ്മസേന അംഗങ്ങളെ നിയോഗിച്ചു. മാലിന്യം വലിച്ചെറിയുന്നതടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് ആപ്ലിക്കേഷനിലൂടെ നഗരസഭയിൽ പരാതിപ്പെടാം. സേവനം ലഭ്യമാക്കുന്നതിന് ഗുണഭോക്താവിന്റ റേഷൻ കാർഡ് , മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ ഹരിതകർമ്മസേന പ്രവർത്തകർക്ക് കൈമാറണം. രമ്യ.യു, ബെന്നി മാത്യു ,സീന.കെ, രാധവിജയകുമാർ, ശോഭനകുമാരി,സൗമ്യസന്തോഷ്, ഉഷാമധു, പുഷ്പലത, ബിന്ദുകുമാരി , അനിൽ കുമാർ, ഷഹന, സുധീഷ് കുമാർ, ആശിഷ് കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.