പന്തളം: പന്തളം നഗരസഭയിലെ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ കെ. വി പ്രഭ സ്ഥാനം രാജിവച്ചു. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയർപേഴ്‌സൺ സുശീല സന്തോഷും പ്രഭയും തമ്മിൽ നേരത്തെ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് പാർട്ടിയുമായി അകൽച്ചയിലായിരുന്നു. ബി.ജെ.പി ജില്ലാ സെക്രട്ടറി കൂടിയായ പ്രഭ ചെയർപേഴ്‌സണെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തെ സമീപിച്ചെങ്കിലുംപാർട്ടി അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രിയോടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ .സൂരജിന് വാട്‌സാപ്പിലൂടെ രാജിക്കത്ത് നൽകിയത്. പാർട്ടി നേതൃത്വം ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം അസമയങ്ങളിൽ നഗരസഭാ കാര്യലയത്തിൽ ജനപ്രതിനിധികളിൽ ചിലരും പുറത്തു നിന്നുള്ള വരും എത്തുന്നത് തടയണമെന്ന് കമ്മിറ്റിയിൽ ഉന്നയിച്ചെങ്കിലും നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് രാജിവച്ചതെന്ന് കെ. വി പ്രഭ പറഞ്ഞു.