
പത്തനംതിട്ട : പുനർവിവാഹപ്പരസ്യം നൽകിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ടു പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ പൊലീസ് പിടികൂടി. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് പുത്തൻതുറ വീട്ടിൽ വിജയന്റെ മകൾ വി.ആര്യ (36) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. കോയിപ്രം കടപ്ര സ്വദേശിയായ യുവാവ് നൽകിയ പുനർവിവാഹ പരസ്യം കണ്ട് അനുജത്തിക്കായി വിവാഹാലോചന നടത്തുകയായിരുന്നു. മേയ് 17 മുതൽ ഡിസംബർ 22 വരെയുള്ള കാലയളവിൽ അമ്മയുടെ ചികിത്സയ്‌ക്കെന്നുപറഞ്ഞു പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുത്തു എന്നാണ് കേസ്. കറ്റാനം സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറ്റം ചെയ്‌തെടുത്തത്. കൂടാതെ 22,180 രൂപ വിലയുള്ള മൊബൈൽ ഫോണും കൈക്കലാക്കി. ചതിയ്ക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവാവ് പത്തനംതിട്ട ഡിവൈ.എസ്.പിയ്ക്ക് പരാതി നൽകി. കോയിപ്രം എസ്.ഐ രാകേഷ് കുമാർ, വിശദമായ അന്വേഷണം നടത്തി. മൊബൈൽ ഫോണുകളുടെ വിളികൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചു. പണം ഇടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു. അന്വേഷണത്തിൽ പ്രതിക്ക് സഹോദരിയില്ലെന്നും, ഇല്ലാത്ത സഹോദരിയുടെ പേരുപറഞ്ഞു വിവാഹത്തിന് താൽപ്പര്യമുണ്ടെന്ന് അറിയിച്ച് യുവാവിനെ കബളിപ്പിക്കുകയായിരുന്നെന്നും തെളിഞ്ഞു. യുവതിയുടെ ഫോൺ ലൊക്കേഷൻ അന്വേഷിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന്, പാലക്കാട് കിഴക്കൻചേരിയിൽ ഉണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ നീക്കത്തിലാണ് കുടുങ്ങിയത്. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.