v-muraleedharan
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് 146-ാം നമ്പർ ഇരമല്ലിക്കര ഹൈടെക് അങ്കണവാടി കേന്ദ്ര പാർലമെൻ്ററി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ : കുട്ടികളുടെ വ്യക്തിത്വവികസനത്തിന് അടിത്തറ പാകുന്നത് അങ്കണവാടികളാണ്. കുട്ടികളുടെ വളർച്ചയ്ക്ക് സഹായമാക്കുന്ന തരത്തിൽ അങ്കണവാടികൾ പുനരുജ്ജീവിപ്പിക്കാൻ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ സർക്കാർ ശ്രമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരൻ പറഞ്ഞു. 146ാം നമ്പർ ഇരമല്ലിക്കര ഹൈടെക്ക് അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം നിഷ ടി.നായർ , ബ്ലോക്ക് അംഗങ്ങളായ രശ്മി സുഭാഷ്, ടി.ഗോപി, ഗ്രാമ പഞ്ചായത്തംഗങ്ങളായ സജു ഇടക്കല്ലിൽ, ശ്രീവിദ്യാസുരേഷ്, കലാരമേശ്, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ.രാജീവ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അജയകുമാർ, വാർഡ് വികസന സമിതി കൺവീനർ എസ്.രഞ്ജിത്ത്, ജിപ്‌സൺ ജോസ്, ദിവ്യശ്രീ, ഗോപീകൃഷ്ണൻ, ബിജി ഏബ്രഹാം, സൗമ്യമോൾ, സന്ധ്യ.എസ് എന്നിവർ പ്രസംഗിച്ചു. രാധാകൃഷ്ണപിള്ള ഇല്ലത്ത്, ഇന്ദിരാകൃഷ്ണൻകുട്ടി, സുധാമണി, മുൻ അങ്കൺവാടി ഹെൽപ്പർ അമ്മുക്കുട്ടിയമ്മ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെ ഫണ്ടും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്താൽ 20 ലക്ഷത്തോളം രൂപയാണ് നിർമ്മാണച്ചെലവ്. സമീപവാസിയായ ഇല്ലത്ത് ഇ.കെ ചെല്ലമ്മ സൗജന്യമായി നൽകിയ വസ്തുവിലാണ് അങ്കണവാടി സ്ഥാപിച്ചത്. 500 ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിൽ ശീതീകരിച്ച പഠനമുറി, നിറപ്പകിട്ടാർന്ന ഇരിപ്പടങ്ങൾ, പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതി എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. മഴവില്ല് എന്നാണ് അങ്കണവാടിയുടെ പേര്.