മണ്ണടി: മുടിപ്പുര ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞത്തിനും നവരാത്രി മഹോത്സവത്തിനും തുടക്കമായി. ക്ഷേത്രം തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനുഭാനു പണ്ടാരത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. മാത്ര സുന്ദരേശൻ സനാതനം യജ്ഞാചാര്യനും അരുൺ സുബ്രഹ്മണ്യൻ യജ്ഞഹോതാവും ആയൂർ രജി, അഞ്ചൽ സ്വാതി എന്നിവർ യജ്ഞപൗരാണികരുമാണ്. നവാഹയജ്ഞത്തോടനുബന്ധിച്ച് ഇന്നലെ ഭദ്രദീപ പ്രതിഷ്ഠ നടന്നു. ഇന്നുമുതൽ ഭദ്രദീപ പ്രകാശനം, ആചാര്യവരണം, ഗായത്രിഹോമം, പ്രഭാഷണം, നവഗ്രഹപൂജ, ഭാഗവത പാരായണം, വിദ്യാഗോപാല മന്ത്രാർച്ചന, ലളിതാസഹസ്രനാമജപം, ഗ്രന്ഥനമസ്‌കാരം, മാതൃപൂജ, ഗോപൂജ, സർവൈശ്വര്യപൂജ, സഹസ്രനാമജപം, ദീപാരാധന, പ്രഭാഷണം എന്നിവ നടക്കും. ഒക്‌ടോബർ നാലിന് പതിവ് പൂജകൾക്കുപുറമെ വൈകിട്ട് മൂന്നുമുതൽ അവഭൃഥസ്‌നാന ഘോഷയാത്ര നിലമേൽ ആൽത്തറക്കടവിൽ സ്‌നാനകർമ്മം നടത്തി തിരികെ യജ്ഞശാലയിലെത്തും. വിജയദശമി ദിവസമായ അഞ്ചിന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും.