തിരുവല്ല : സ്വതന്ത്ര സോഫ്റ്റ്‌വെയറിനെപ്പറ്റി ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി കൈറ്റും സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും സംയുക്തമായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കൈറ്റ് സി.ഒ അൻവർ സാദത്ത് പങ്കെടുത്തു. ജില്ലയിൽ അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ബ്ലെൻഡർ ത്രീഡി എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും പരിശീലന ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. തിരുവല്ല ഡയറ്റ് കാമ്പസിൽ നടന്ന ക്ലാസിൽ ചെങ്ങന്നൂർ എൻജിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ജ്യോതി ജോൺ മുഖ്യാതിഥിയായി പങ്കെടുത്തു. സോണി പീറ്റർ, സി.കെ ജയേഷ് , കൈറ്റ് ജില്ലാ കോർഡിനേറ്റർ സുദേവ് കുമാർ, ഡി.എ കെ.എഫ് ജില്ലാ സെക്രട്ടറി പ്രശോഭ് ക്യഷ്ണൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത് നൽകി. പൊതു ജനങ്ങൾക്ക് പരിശീലന ക്ലാസിൽ ഓൺലൈനായി പങ്കെടുക്കാനും അവസരമൊരുക്കിയിരുന്നു.