1
മല്ലപ്പള്ളി വലിയ പാലത്തിന് സമീപത്തെ പടവുകളും കോൺക്രീറ്റ് സ്ലാബുംതകർന്ന നിലയിൽ

മല്ലപ്പള്ളി : മണിമലയാറ്റിലെ പൂവനക്കടവിൽ പാലത്തിന്റെ കൽക്കെട്ടുകൾ തകർന്ന് അപകട ഭീഷണിയിൽ.

വലിയ പാലത്തിനോട് ചേർന്ന് തീരസംരക്ഷണത്തിന് മേജർ ഇറിഗേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 5 വർഷം മുമ്പാണ് സംരക്ഷണഭിത്തി നിർമ്മിച്ചത്. 25 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടത്തിയത്. തടയണയ്ക്ക് സമീപം 73 മീറ്റർ നീളത്തിൽ 10 അടിയിലേറെ ഉയത്തിലായിരുന്നു നിർമ്മാണം. എതിർവശത്തും കുറച്ചു ഭാഗങ്ങളിൽ സംരക്ഷണഭിത്തി പണിതിരുന്നു. ശോച്യാവസ്ഥയായിരുന്ന തടയണയും ഇതോടൊപ്പം പുനർ നിർമ്മിച്ചു. കൽക്കെട്ടുകളുടെ മുകൾ തട്ടിൽ കോൺക്രീറ്റും ചെയ്തു. ആളുകൾക്ക് സുരക്ഷിതമായി നദിയിലേയ്ക്ക് ഇറങ്ങുന്നതിന് പടവുകളും പണിതിരുന്നു. എന്നാൽ ഇവയെല്ലാം അടിപ്പിച്ചുണ്ടായ പ്രളയത്തിലെ ശക്തമായ വെള്ളമൊഴുക്കിനെ തുടർന്ന് തകർന്നിരിക്കുകയാണ്. പടവുകളോടു ചേർന്നുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇളകി. ഇവയിൽ ചവിട്ടുകയോ അശ്രദ്ധമായി ഇറങ്ങുകയോ ചെയ്താൽ അപകടത്തിൽപെടാനുള്ള സാദ്ധ്യത ഏറെയാണ്. ഇതര സംസ്ഥാന തൊഴിലാളികളും, പ്രദേശവാസികളും ഉൾപ്പെടെ ഒട്ടേറെ ആളുകളാണ് കുളിക്കുന്നതിനും തുണികൾ അലക്കുന്നതിനുമായി ഇവിടെ എത്തുന്നത്. ഇവിടെ വർഷങ്ങൾക്കുമുമ്പ് കറുകച്ചാൽ ചമ്പക്കര സ്വദേശികളായ രണ്ടു യുവാക്കൾ തടയണയോടു ചേർന്നുള്ള കയത്തിൽപെട്ടു മരിച്ചിരുന്നു.

അറ്റകുറ്റപ്പണിയില്ല

തുടർച്ചയായി ഉണ്ടാകുന്ന പ്രളയമാണ് സംരക്ഷണഭിത്തിയുടെയും , പടവുകൾകളുടെയും തകർച്ചയ്ക്ക് വഴിതെളിക്കുന്നതെങ്കിലും ഓരോ പ്രളയ ശേഷവും അറ്റകുറ്റപ്പണികൾ നടത്താത്തതും തകർച്ചയുടെ വ്യാപ്തി കൂട്ടി.

.............

സംരക്ഷണഭിത്തിയുടെയും പടവുകളുടെയും പുനരുദ്ധാരണം അടിയന്തരമായി നടത്തണം.വലിയ അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്.

നാട്ടുകാർ

...............

-നിർമ്മാണം നടത്തിയത് 5 വർഷം മുമ്പ്

-ചിലവ് 25 ലക്ഷം