പള്ളിക്കൽ : നൂറിലധികം പട്ടികജാതി കുടുംബങ്ങളും ഇതര സമുദായങ്ങളും താമസിക്കുന്ന ചക്കൻചിറമലയിലെ കുടിവെള്ള പദ്ധതി തടസമില്ലാതെ പ്രവർത്തിക്കുവാൻ പുതിയ മോട്ടോർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ ജി പ്രമോദ്, ആന്റോ ആന്റണി എം.പി മുഖാന്തിരം മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. 30 വർഷത്തിലധികം പഴക്കമുള്ള മോട്ടോറാണ് ഇവിടെയുള്ളത്. ഇടയ്ക്കിടെ ഇത് തകരാറിലായി കുടിവെള്ളം മുട്ടുന്ന അവസ്ഥയാണ്. തിരുവോണ നാളിലും മോട്ടോർ തകരാറിലായി കുടിവെള്ളം മുട്ടിയതിനെ തുടർന്ന് വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും ഇടപെട്ട് കുടിവെള്ളം വില കൊടുത്ത് വാങ്ങി നൽകുകയായിരുന്നു.