27-pattupurakkavu
പന്തളം പാട്ടുപുരക്കാവ് നവരാത്രിമണ്ഡപം സരസ്വതി ക്ഷേത്രത്തിലെ 57-ാമത് ന​വ​രാത്രി ആഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്​ഘാടനം എൻ.എസ്.എസ്. പ്രസിഡന്റ് ഡോ. എം.ശശികുമാർ നിർ​വ​ഹി​ക്കുന്നു

പന്തളം: പാട്ടുപുരക്കാവ് നവരാത്രിമണ്ഡപം സരസ്വതി ക്ഷേത്രത്തിലെ 57-ാമത് ന​വ​രാത്രി ആഘോഷം വിളംബര ഘോഷയാത്രയോടെ തുടങ്ങി. തോന്നല്ലൂർ പാട്ടുപുരക്കാവ് ദേവീ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് താലപ്പൊലിയും പഞ്ചവാദ്യവും അകമ്പടിയായി. മേൽശാന്തി എസ്.സഞ്ജയ് ശ്രീകോവിലിൽ നിന്ന് കൊളുത്തിയ ദീപം എൻ.എസ്.എസ്. പ്രസിഡന്റ് ഡോ. എം.ശശികുമാർ ക്ഷേത്രത്തിന് മുമ്പിലെ വിളക്കിൽ തെളിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.
അക്ഷരവെളിച്ചം എല്ലാവരിലേക്കും പകരുന്നതും തിന്മയുടെ മേൽ നന്മ വിജയംനേടുന്നതിന്റെയും ആഘോഷമാണ് നവരാത്രിയെന്ന് അദ്ദേഹം പറഞ്ഞു. നവരാത്രി ആഘോഷ കമ്മിറ്റി പ്രസിഡന്റ് പന്തളം ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.ഗോപിനാഥ പിള്ള, വൈസ് പ്രസിഡന്റ് നന്ദനം രാമകൃഷ്ണപിള്ള, ജോയിന്റ് സെക്രട്ടറി ഐഡിയൽ ശ്രീകുമാർ, ട്രഷറർ കെ.എസ്.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഒക്ടോബർ നാലുവരെ എല്ലാ ദിവസവും പ്രത്യേക പൂജകളും വൈകിട്ട് കലാപരിപാടികളും ഉണ്ടാകും. നാലിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെ​യ്യും.