photo
വള്ളിക്കോട് മൂഴി പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ കൽകെട്ട് കൂടുതൽ തകർന്ന നിലയിൽ

വള്ളിക്കോട് : സംരക്ഷണഭിത്തി തകർന്നുവീണതിനെ തുടർന്ന് ബലക്ഷയം നേരിടുന്ന വള്ളിക്കോട് മൂഴി പാലത്തിന്റെ അറ്റകുറ്റപ്പണി വൈകുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കരിങ്കൽ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന സംരക്ഷണ ഭിത്തി തകർന്ന് വലിയതോട്ടിലേക്ക് പതിച്ചത്. അപകട ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ തിരിച്ചുവിടാൻ ബതദൽ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പടെ ഇന്നലെയും പാലത്തിലൂടെയാണ് കടന്നുപോയത്. ഇത് വൻ അപകടത്തിനിടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.

കോന്നി - ചന്ദനപ്പള്ളി റോഡിൽ താഴൂർ കടവിനും ദീപാ ജംഗ്ഷനും ഇടയിൽ വലിയ തോടിന് കുറുകെയാണ് മൂഴി പാലം. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിന്റെ മറു ഭാഗത്തെ കൽക്കെട്ട് പത്ത് വർഷം മുമ്പ് തകർന്നിരുന്നു. ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പടെ നിരന്തരം കടന്നു പോകുന്ന തിരക്കേറിയ റോഡാണിത്. പണികൾ കഴിഞ്ഞ ദിവസം തന്നെ തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുമെന്നാണ് സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ വരെ തുടർ നടപടി ഉണ്ടായിട്ടില്ല.

ബദൽ സംവിധാനമില്ല

...

പാലം അപകടാവസ്ഥയിലാണെങ്കിലും വാഹനങ്ങൾ വഴി തിരിച്ചുവിടാൻ ബദൽ സംവിധാനങ്ങൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പണി പൂർത്തിയാകുന്നത് വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കാൻ കഴിയില്ല. പ്രദേശത്തെ മറ്റ് റോഡുകൾ ഗതാഗത യോഗ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന മൂഴിക്കടവ് - മായാലിൽ റോഡ്, അക്കാളുമുക്ക് - പുത്തൻചന്ത റോഡ് എന്നിവ പൂർണ്ണമായും തകർന്ന നിലയിലാണ്. പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകൾ ചേർന്ന പ്രദേശമാണിത്. കോന്നിയിൽ നിന്ന് എത്തുന്നവർക്ക് വാഴമുട്ടം - മുള്ളനിക്കാട് - ഓമല്ലൂർ വഴി ചന്ദനപ്പള്ളിയിലേക്കും ചന്ദനപ്പള്ളിയിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് വള്ളിക്കോട് - വി. കോട്ടയം -വകയാർ വഴി കോന്നിയിലേക്കും എത്താൻ കഴിയുമെങ്കിലും കിലോമീറ്ററുകൾ അധികമായി സഞ്ചരിക്കേണ്ടി വരും.

പാലത്തിന്റെ സംരക്ഷണ ഭിത്തി ബലപ്പെടുത്തി ഗതാഗത യോഗ്യമാക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം. തിരക്കേറിയ റോഡിലെ പാലമാണിത്. വാഹനങ്ങൾ വഴി തിരിച്ചുവിടാൻ ബദൽ സംവിധാനങ്ങൾ പര്യാപ്തമല്ലാത്തതിനാലാണ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കാത്തത്. യുദ്ധകാല അടിസ്ഥാനത്തിൽ സംരക്ഷണ ഭിത്തി നിർമ്മിച്ച് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും യാത്രക്കാരുടെയും ആശങ്ക അകറ്റണം.

ആർ. മോഹനൻ നായർ (വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)