ngo-sang
മിനി സിവിൽ സ്റ്റേഷനിലെ ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ സംഘ് നേതാക്കൾ കോഴഞ്ചേരി തഹസിൽദാർ മോഹനൻ നായരെ ഉപരോധിക്കുന്നു

പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷനിലെ ജലക്ഷാമത്തിന് പരിഹാരമായില്ല. വെള്ളക്കരത്തിന്റെ കുടിശികയായ 1.68 കോടി അടയ്ക്കാതിരുന്നതിനെ തുടർന്ന് ജലവിതരണം വാട്ടർ അതോറിറ്റി നിറുത്തിവച്ചത് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

എൻ.ജി.ഒ സംഘ് നേതാക്കൾ പ്രതിഷേധിച്ചതിനെ തുടർന്ന് ഫയർഫോഴ്സിനെ സമീപിച്ച് ഇന്നലെ രണ്ട് ടാങ്കറുകളിൽ വെള്ളം എത്തിച്ചെങ്കിലും ഉച്ചയോടെ തീർന്നു. ജല ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു.

ഇന്നും വെള്ളം എത്തിച്ചില്ലെങ്കിൽ പ്രശ്നം വീണ്ടും രൂക്ഷമായേക്കും. എണ്ണായിരം ലിറ്റർ വെള്ളമാണ് ഫയർഫോഴ്സ് എത്തിച്ചത്. കുടിശികയിൽ കുറച്ച് തുകയെങ്കിലും അടച്ച് ജലവിതരണം പുന:സ്ഥാപിക്കാൻ താലൂക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് ഇന്നലെയും നടപടിയുണ്ടായില്ല.

ഇതിനിടെ, വെള്ളക്കരം കുടിശിക തുക വിവിധ ഒാഫീസുകളിലേക്ക് വേർതിരിച്ചു നൽകാൻ ആവശ്യപ്പെട്ടതനുസരിച്ച് വാട്ടർ അതോറിറ്റി അതാത് ഒാഫീസുകൾക്ക് പ്രത്യേകം നോട്ടീസുകൾ നൽകി. മിനി സിവിൽ സ്റ്റേഷനിൽ 28 ഒാഫീസുകളാണ് പ്രവർത്തിക്കുന്നത്.

എൻ.ജി.ഒ സംഘ് തഹിസിൽദാരെ ഉപരോധിച്ചു

മിനി സിവിൽ സ്റ്റേഷനിലെ ജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ സംഘ് കോഴഞ്ചേരി താലൂക്ക് തഹസിൽദാരെ ഉപരോധിച്ചു. പ്രതിഷേധത്തിനൊടുവിൽ തഹസീൽദാരുമായി നടത്തിയ ചർച്ചയിൽ തൽക്കാലം ടാങ്കറിൽ വെള്ളമെത്തിച്ചു. എൻ.ജി.ഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്.രാജേഷ്, ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ്, ജില്ലാ സെക്രട്ടറി ജി.അനീഷ്, വൈസ് പ്രസിഡന്റുമാരായ കെ.ജി. അശോക് കുമാർ,സോമേഷ് പച്ചവനാൽ, പി.ആർ.രമേശ്, പി.എസ്. രഞ്ജിത്,ജോയിന്റ് സെക്രട്ടറി എൻ.രതീഷ്‌കുമാർ, ജില്ലാ കമ്മിറ്റിയംഗം ജി.വിനോദ്, ടൗൺ ബ്രാഞ്ച് പ്രസിഡന്റ് പ്രസിഡന്റ് എസ്.ഹരികൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി പി.അജിത് എന്നിവർ നേതൃത്വം നൽകി.