 
തിരുവല്ല: ദേശീയ ഫുട്ബാൾ ഫെഡറേഷന്റെ ലീഗ് കമ്മിറ്റിയിലേക്ക് ജില്ലയ്ക്ക് പൊൻതൂവലായി ഡോ.റെജിനോൾഡ് വർഗീസും. ദേശീയ ഫുട്ബാൾ ഫെഡറേഷനിൽ എത്തുന്ന ആദ്യത്തെ ജില്ലക്കാരനാണ്. ചെന്നൈ സർവകലാശാലയിൽ നിന്നും കായികവിദ്യാഭ്യാസത്തിൽ ഒന്നാംറാങ്ക് നേടി. 86ൽ മാർത്തോമ്മ കോളേജിലൂടെയാണ് ഔദ്യോഗീക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് എം.ഫിൽ, ഡോക്ടറേറ്റ് ബിരുദങ്ങൾ നേടി. മാർത്തോമ്മ കോളേജ് കായികവിഭാഗം മേധാവിയായശേഷം ഫുട്ബാൾ മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ ജില്ലയ്ക്ക് സ്വന്തമാക്കാനായി. ജില്ലയിൽ ആദ്യമായി വനിതാ ഫുട്ബാൾ ടീം മാർത്തോമ്മ കോളേജിൽ രൂപീകരിച്ചു. തുടർച്ചയായി 24-ാം വർഷമാണ് എം.ജി.സർവകലാശാല കിരീടം മാർത്തോമ്മ കോളജ് നിലനിറുത്തുന്നത്. പുരുഷവിഭാഗം ഫുട്ബാൾ ടീം 5വർഷം എം.ജി.യിൽ ചാമ്പ്യൻമാരായി. ഏഷ്യൻ ഫുട്ബാൾ കോൺഫെസറേഷന്റെ സി ലൈസൻസ് നേടിയ റെജിനോൾഡ് അഞ്ച് വിദേശ പരിശീലകരിൽനിന്നും ഫുട്ബാളിന്റെ നൂതനപാഠങ്ങൾ അഭ്യസിച്ചു. സോക്കർ അക്കാദമിയിലൂടെയും മാർത്തോമ്മ കോളേജിലൂടെയും ഒട്ടേറെ ഫുട്ബോൾ താരങ്ങളെ സംസ്ഥാന ദേശീയ ടീമുകളിലേക്ക് കൈപിടിച്ചുയർത്തി. 16 വർഷം തുടർച്ചയായി പത്തനംതിട്ട വനിതാ ടീമിനെ സംസ്ഥാന സീനിയർ വനിതാ ചാമ്പ്യൻമാരാക്കി. സംസ്ഥാന സബ്ജൂണിയർ ഗേൾസ് ടീമിനെ ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തെത്തിച്ചതും റെജിനോൾഡിന്റെ പരിശീലനമികവാണ്. കേരള സർവകലാശാലയുടെയും നോർത്ത് സൗത്ത് ഇൻഡ്യൻ കംബയിൻഡ് യൂണിവേഴ്സിറ്റിയുടേയും ഗോൾവല കാത്ത റെജിനോൾഡ്, കളിക്കാരൻ, പരിശീലകൻ എന്നീ നിലകളിൽ ശോഭിച്ചു. സന്തോഷ് ട്രോഫി ക്ലസ്റ്റർ മാച്ചസ്, ഇന്റർ വാഴ്സിറ്റി മത്സരങ്ങൾ,സംസ്ഥാന മത്സരങ്ങൾ എന്നിവയിലൂടെ മികച്ച സംഘാടകനുമായി. നിലവിൽ കേരള ഫുട്ബാൾ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി, കേരള ഒളിമ്പിക്ക് അസോസിയേഷൻ ജനറൽകൗൺസിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ, എന്നിവയിൽ അംഗമാണ്. തിരുവല്ല മുൻസിപ്പൽ കൗൺസിലറായും സേവനമനുഷ്ഠിക്കുന്നു.