after-pipe
പൈപ്പ് ലൈൻ ഇട്ടതിന് ശേഷമുള്ള റോഡ്

പത്തനംതിട്ട : കളക്ടറേറ്റ് റോഡിലെ പൈപ്പിടൽ ജോലി പൂർത്തിയായി. ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ റോഡിന്റെ നിർമ്മാണം ആരംഭിക്കും. നഗരസഭയിലെ കൊല്ലംപറമ്പ് ഭാഗത്തേക്കുള്ള പൈപ്പുലൈനാണ് ഇതുവഴി പോകുന്നത്. വർഷങ്ങളായി ഇവിടെയുള്ള കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിച്ചിരുന്നില്ല. ഇതിന് പരിഹാരമായി പഴയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപ ചെലവിലായിരുന്നു നിർമ്മാണം.

കളക്ടറേറ്റിലേക്കെത്തുന്നവർ ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. പൈപ്പ് ലൈനിനായി റോഡ് കുഴിച്ച ഭാഗത്ത് മണ്ണ് നിറഞ്ഞിരിക്കുകയാണിപ്പോൾ. മഴ പെയ്താൽ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുഷ്കരമാകും.

അറ്റകുറ്റപ്പണികൾ വേഗം പൂർത്തിയാക്കിയില്ലെങ്കിൽ ഇരു ചക്ര വാഹനങ്ങളടക്കം അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് റോ‌ഡ് നിർമ്മിക്കാൻ തയ്യാറാക്കിയിരുന്നു.

റോഡ് നിർമ്മാണത്തിന് മുമ്പ് പൈപ്പുലൈൻ പദ്ധതി നടന്നാൽ പിന്നീട് അതിനായി റോഡ് പൊളിക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് വേഗത്തിൽ പൈപ്പ് സ്ഥാപിച്ചതെന്ന് വാർഡ് കൗൺസിലർ സിന്ധു അനിൽ പറഞ്ഞു. വൈകാതെ റോ‌ഡ് പണി ആരംഭിക്കും.

)