ചെങ്ങന്നൂർ: കല്ലിശേരി കെ.എം ചെറിയാൻ ആശുപത്രിയിലെ മാലിന്യപ്രശ്നത്തിനെതിരെ ആലപ്പുഴ ജില്ലാ കളക്ടർ ഇടപെടുന്നു. നാട്ടുകാർ ജില്ലാ ഭരണകൂടത്തിന് നൽകിയ പരാതിയെ തുടർന്നാണ് കളക്ടറുടെ അടിയന്തര ഇടപെടൽ. മാലിന്യപ്രശ്നത്തിനെതിരെ നാട്ടുകാർ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ആശുപത്രിക്ക് മുന്നിലെത്തിയിരുന്നു. ആശുപത്രിമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാതെ സമീപത്തെ കുഴിയിലേക്ക് ഒഴുക്കിവിടുകയാണ്. മാലിന്യത്തിന്റെ ഊറ്റൽ സമീപത്തെ കിണറുകളിലേക്കും ശുദ്ധജല സ്രോതസുകളിലേക്കും എത്തിയതോടെ വെള്ളം ഒന്നിനും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായി. മാത്രമല്ല ഈ വെള്ളം കുടിച്ച വളർത്തു മൃഗങ്ങൾ ചാവുകയും ചെടികൾ കരിഞ്ഞുണങ്ങുകയും ചെയ്തു. 2021 ജനുവരിയിലാണ് ആശുപത്രി തുടങ്ങിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആശുപത്രി തുടങ്ങിയതെന്ന് അന്നു തന്നെ പരാതി ഉയർന്നിരുന്നു. ഭരണകക്ഷിയിലെ ചിലരുടെ സ്വധീനത്തെ തുടർന്ന് മതിയായ പരിശോധന നടത്താതെയാണ് ആശുപത്രിയുടെ പ്രവർത്തനത്തിന് അനുമതി നൽകിയതെന്നും ആക്ഷേപം ഉയർന്നിരുന്നു. പ്രവർത്തനം തുടങ്ങി ആറു മാസം കഴിയും മുൻപ് ഇക്കാര്യങ്ങൾ ശരിവെക്കുന്ന തരത്തിൽ മാലിന്യ പ്രശ്നം ഉടലെടുത്തു. ആശുപത്രി മാലിന്യവും കക്കൂസ് മാലിന്യവുംശരിയായ രീതിയിൽ സംസ്കരിക്കാതെ ദുർഗന്ധം മാറ്റുന്നതിന് ചില കെമിക്കലുകൾ ചേർത്ത ശേഷം തുറസായ സ്ഥലത്തേക്ക് ഒഴുക്കിവിട്ടു. ഈ മലിനജലം ഉറവകളായി സമീപത്തെ കിണറുകളിലേക്ക് എത്തിയതോടെ അന്നും ജനങ്ങൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് മാലിന്യം ടാങ്കറിൽ ശേഖരിച്ച് ആലപ്പുഴയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കാമെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകി. എന്നാൽ ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം സമീപത്തെ തുറസായ സ്ഥലത്തേക്കും പമ്പാ നദിയിലേക്കും ഒഴുക്കിയത് നാട്ടുകാർ പിടികൂടി താക്കീത് ചെയ്തിരുന്നു. മലിനജലവും പുകയും ശ്വസിച്ച് കുട്ടികൾക്കും പ്രായമായവർക്കും ശ്വാസതടസവും ത്വക്ക് രോഗവും ബാധിക്കുന്നു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയതിനുശേഷമാണ് ജനങ്ങൾ സംഘടിച്ചെത്തി കഴിഞ്ഞ ദിവസം പ്രതിഷേധ സമരം ആരംഭിച്ചത്.
ഗ്രാമസഭയിലും പ്രതിഷേധം
ജനപ്രതി നിധികളും പ്രാദേശിക ഭരണകൂടവും നാട്ടുകാരുടെ ദുരിതം കണ്ടിട്ടും കാഴ്ചക്കാരായെന്ന് ഗ്രാമസഭയിൽ ആരോപണം ഉയർന്നു. മലിനജനം കൊണ്ട് ഏറ്റവും കൂടുതൽ വലഞ്ഞ ഷൈനി പാലത്തിനാലാണ് വിഷയം ഉന്നയിച്ചത്. ഭരണകൂടം ആശുപത്രി അധികൃതരുടെ പ്രലോഭനങ്ങൾക്ക് വഴങ്ങിയതായും ഇവർ പറഞ്ഞു. പ്രദേശവാസികൾ അറിയാതെ അവരുടെ സമ്മതപത്രം എങ്ങനെയാണ് ഉണ്ടാക്കിയതെന്നും ഇവർ ചോദിച്ചു. മാത്രമല്ല പ്രദേശത്ത് ശുദ്ധജലമെത്തിക്കാൻ അടിയന്തര നടപെടൽ ഉണ്ടാകണമെന്നും ആവശ്യം ഉന്നയിച്ചു.
.....................
മാലിന്യ പ്രശ്നം ആശുപത്രി അധികൃതരുമായി ചർച്ച ചെയ്യാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. രാഷ്ട്രിയ കക്ഷികളുടെയും നേതൃത്വത്തിലല്ല സമരം. മറിച്ച് എല്ലാ പാർട്ടിയിൽപ്പെട്ടവരും സമരത്തിൽ പങ്കാളികളായിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ ഒന്നിന് ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ബിനു മോൻ പറഞ്ഞു.
ബിനുമോൻ
(ആക്ഷൻ കൗൺസിൽ സെക്രട്ടറി )