തിരുവല്ല: മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പുളിക്കീഴ് എസ്.ഐ സാജൻ പീറ്ററെ സ്ഥലം മാറ്റി. സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി തിരുവല്ല ഡിവൈ.എസ്.പിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റാൻ ഉത്തരവ് നൽകിയത്. പത്തനംതിട്ട സ്റ്റേഷനിലേക്കാണ് എസ്.ഐയെ മാറ്റിയത്. എസ് ഐയെ കേസിൽ നിന്ന് രക്ഷിക്കാൻ പൊലീസുകാർ ശ്രമിച്ചതായി സ്പെഷ്യൽ ബ്രാഞ്ചും ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. നിരണം ഡക്ക് ഫാമിന് സമീപം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുന്നിനായിരുന്നു സംഭവം. സഹപ്രവർത്തകന്റെ യാത്രയയപ്പ് പാർട്ടിക്ക് ശേഷം മദ്യലഹരിയിൽ പെൺ സുഹൃത്തിന്റെ വീട്ടിലേക്ക് സ്വന്തം കാറിൽ പോകുമ്പോൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചശേഷം വിട്ടുപോകുകയായിരുന്നു. കാറിന് പിന്നാലെ എത്തിയ പ്രദേശവാസികൾ ചേർന്ന് സാജൻ പീറ്ററെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.