പത്തനംതിട്ട: കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഈ വർഷം എം.ബി.ബി.എസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചെങ്കിലും, ആശുപത്രി പ്രവർത്തനം പൂർണ തോതിലാകാൻ വൈകും.
നിലവിൽ ഒ.പി ചികിത്സയുണ്ട്. കിടത്തി ചികിത്സ, മേജർ ഓപ്പറേഷൻ തീയേറ്റർ, സ്പെഷ്യാലിറ്റി വിഭാഗങ്ങൾ തുടങ്ങിയവ അടിയന്തരമായി ഏർപ്പെടുത്തണം. അത്യാധുനിക ലാബ് സംവിധാനവും വേണം. നിലവിൽ മൈനർ ഓപ്പറേഷൻ തീയേറ്ററും ഏതാനും ലാബുകളും മാത്രമാണുള്ളത്. 300കട്ടിലുകളോടെ കിടത്തി ചികിത്സ ആരംഭിച്ചതാണ്. മാനദണ്ഡം പാലിച്ചില്ലെന്ന ദേശീയ മെഡിക്കൽ കൗൺസിലിന്റെ കണ്ടെത്തലിനെ തുടർന്ന് നിറുത്തി വച്ചു.
ഹോസ്റ്റലുകളുടെയും സ്റ്റാഫ് ക്വാർട്ടേഴ്സിന്റെയും നിർമാണം നടക്കുന്നു. അക്കാഡമിക് ബ്ളോക്ക് അവസാന ഘട്ടത്തിലാണ്.അദ്ധ്യയനം ആരംഭിക്കുന്നതോടെ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം. അവരുടെ താമസ സൗകര്യം ഉറപ്പാക്കണം.
■ഗതാഗതം
കോന്നി മുരിങ്ങമംഗലത്ത് നിന്ന് നാല് കിലോമീറ്റർ ദൂരം. മുരിങ്ങമംഗലം - വട്ടമൺ വരെ രണ്ട് കിലോമീറ്റർ റോഡ് കൂടി നാല് വരി പാതയാക്കേണ്ടതുണ്ട്. വീതി കൂട്ടാനുള്ള നടപടികൾ പ്രദേശവാസികളുടെ ഹർജിയെ തുടർന്ന് കോടതി സ്റ്റേ ചെയ്തു. നിലവിൽ നാല് കെ.എസ്.ആർ.ടി.സി ബസുകൾക്കും ഒരു സ്വകാര്യ ബസിനും സർവീസ് നടത്താൻ അനുമതിയുണ്ട്. കൂടുതൽ സർവീസുകൾ അനുവദിക്കേണ്ടി വരും.
ആംബുലൻസ്
യാത്രക്ക് തടസം
മെഡിക്കൽ കോളേജിലേക്ക് ആംബുലൻസ് യാത്ര സുഗമമാകണമെങ്കിൽ റോഡ് വീതി കൂട്ടുകയും വളവുകളും കയറ്റിറക്കങ്ങളും നേരേയാക്കുകയും ചെയ്യണം. മുരിങ്ങമംഗലം - വട്ടമൺ റോഡിൽ വാഹനങ്ങൾക്ക് സൈഡ് നൽകാനുളള വീതിയില്ല. വശങ്ങളിലെ മണ്ണിടിച്ചിൽ ഒഴിവാക്കണമെന്ന് പഠനസംഘം നിർദേശിച്ചിരുന്നു. ഇതിനായി സ്ഥലം ഏറ്റെടുപ്പിനെതിരെ ഉടമകൾ കോടതിയുടെ സ്റ്റേ നേടി.
വന്യമൃഗ ശല്യം
ആശുപത്രി പരിസരത്ത് കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങൾ എത്തുന്നത് ഒഴിവാക്കാൻ ചുറ്റുവേലികൾ സ്ഥാപിക്കുകയും കിടങ്ങുകൾ നിർമിക്കുകയും വേണം.
' കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം ലഭിച്ചത് അവിസ്മരണീയ അനുഭവം. ആശുപത്രി പൂർണ തോതിൽ ഉടൻ പ്രവർത്തന സജ്ജമാകും.
-കെ.യു.ജനീഷ് കുമാർ എം.എൽ.എ