മല്ലപ്പള്ളി: നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം വാലാങ്കര - അയിരൂർ റോഡ് നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് തകർന്നതായി പരാതി. സെന്റ് ബഹനാൻസ് സ്കൂൾ ജംഗ്ഷനിൽ നിന്നും പൊറോട്ടാമുക്കിൽ അവസാനിക്കുന്ന റോഡിന് 8.352 കിലോമീറ്റർ ദൂരമാണ് ഉള്ളത്. ഉന്നത നിലവാരത്തിലാക്കാൻ മൂന്നരവർഷങ്ങൾ എടുത്തെങ്കിലും പൂർത്തിയായില്ലെന്നു മാത്രമല്ല വെണ്ണിക്കുളം സെന്റ് ബഹനാൻസ് കവലയിൽ നിന്ന് 200 മീറ്റർ മാറി റോഡിന്റെ സംരക്ഷണഭിത്തി തകരുകയും ചെയ്തു. 1500 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾക്ക് 2016-17 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചു. 2017 സെപ്റ്റംബർ 19 ന് 19.59 കോടി രൂപയ്ക്ക് കിഫ്ബി പദ്ധതിയിൽ പ്രവർത്തി ഉൾപ്പെടുത്തി. തുടർന്ന് 2018 സെപ്റ്റംബർ 29ന് 19.59 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ചു. സ്വകാര്യ കമ്പനി 2019 ഫെബ്രുവരി 5ന് 20.21 കോടി രൂപയ്ക്ക് പ്രവർത്തി ഏറ്റെടുത്തു.നിർമ്മാണ പൂർത്തീകരണ കാലാവധി 9 മാസമായിരുന്നു. ഇതിനു ശേഷം മൂന്നുതവണ കാലാവധി വർദ്ധിപ്പിച്ചു. എന്നിട്ടും നിർമ്മാണം ആദ്യഘട്ടം പൂർത്തിയായിട്ടില്ല. പൊറോട്ടാമുക്കിൽ നിന്നും ആരംഭിച്ച ബി.എം ബി.സി ടാറിംഗ് ഒന്നാം ഘട്ടം സെന്റ് ബഹനാൻസ് സ്കൂൾ ജംഗ്ഷനിൽ കഴിഞ്ഞ സെപ്റ്റംബർ 6ന് പൂർത്തിയായതാണ്. പിന്നീട് മുതുപാല ജംഗ്ഷനു സമീപം കലുങ്കിന്റെ അപ്രോച്ച് ഭാഗത്ത് ക്വാറി വെയ്സ്റ്റ് നികത്തി എന്നതാണ് തുടർ പ്രവർത്തിയായി നടന്നത്.
പദ്ധതിയിൽ ഉള്ളത്
2022 ജൂണിൽ 22.7635 കോടി രൂപയ്ക്ക് പുതുക്കിയ കെ.ആർ.എഫ്.ബി അനുമതി ലഭിച്ചതായി പ്രഖ്യാപനങ്ങൾ വന്നെങ്കിലും മൂന്ന് മാസം പിന്നിടുമ്പോഴും നിർമ്മാണ പ്രവർത്തികൾക്ക് ഒരനക്കവും ഉണ്ടായില്ല. ഒന്നാംഘട്ട ടാറിംഗ് പൂർത്തിയായ ഭാഗങ്ങളിലടക്കം വൈദ്യുതി, ടെലിഫോൺ പോസ്റ്റുകൾ പാതയുടെ മദ്ധ്യത്തിലേക്ക് വരെ കയറി നിൽക്കുകയാണ്. കരാർ പ്രവർത്തിയിൽ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തി വീതി കൂട്ടി ബി.എം ബി.സി നിലവാരത്തിലുള്ള നിർമ്മാണവും , ഇരുവശങ്ങളിലായി 6850 മീറ്റർ ഓടയും, 32 പുതിയ പൈപ്പ് കലുങ്കുകൾ, നിലവിലുള്ള മൂന്ന് കലുങ്കുകൾക്ക് വീതി വർദ്ധിപ്പിക്കൽ, 3606 മീറ്റർ സംരക്ഷണഭിത്തി, 1800 ചതുരശ്ര മീറ്റർ ഇന്റെർ ലോക്ക് നിർമ്മാണം, താഴ്ചയുള്ള ഭാഗങ്ങളിൽ 300 മീറ്റർ ക്രാഷ് ബാരിയർ എന്നിവയാണ് പദ്ധയിൽ നിഷ്കർഷിക്കുന്നത്.
അധികൃതരുടെ അനാസ്ഥ
നാട്ടുകാർ സൗജന്യമായി വിട്ടുനല്കിയ സ്ഥലം ഉൾപ്പെടുത്തി 10 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. എന്നാൽ റോഡിന്റെ തുടക്കത്തിൽ നാല് കിലോമീറ്റർ ദൂരം മാത്രമാണ് വീതി വർദ്ധിപ്പിച്ച് നിർമ്മാണം നടത്തിയിട്ടുള്ളത്. അശാസ്ത്രീയ നിർമ്മാണവും അധികാരികളുടെ അനാസ്ഥയും റോഡ് പൂർത്തികരണത്തിനും തകർച്ചയ്ക്കും കാരണമായെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
............................
പൗരസമിതിയും നാട്ടുകാരും മാസങ്ങൾ നീണ്ട പ്രക്ഷോഭം നടത്തിയിട്ടും നിർമ്മാണം ഇഴയിച്ചത് കരാറുകാരനെ സഹായിക്കുന്നതിനും തുക വർദ്ധിപ്പിച്ചു നല്കുന്നതിനും മാത്രമാണ്.
മുഹമ്മദ് മുബാഷ്
(പ്രദേശവാസി)