28-kseb-tube
കെ.എസ്. ഇ. ബി. വഴിയിലുപേക്ഷിച്ച ട്യൂബ്

പന്തളം: കെ.എസ് ഇബിയുടെ തെരുവുവിളക്കുകളിൽ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗശൂന്യമായ ഫ്‌ളൂറസെന്റ് ട്യൂബുകളും (ട്യൂബ് ലൈറ്റ്) ഇലക്ട്രോണിക് ചോക്കുകളും സ്ഥലത്തു തന്ന ഉപേക്ഷിക്കുന്നതായി പരാതി. ഇതു പ്രകൃതിയ്ക്കും ജീവജാലങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്. മാറ്റുന്ന ട്യൂബുകൾ വഴിയരികിൽ ഉപേക്ഷിക്കുകയോ പോസ്റ്റിലോ മതിലിലോ ചാരി വയ്ക്കുകയോ ആണ് പതിവ്. മതിലു കെട്ടാത്ത പുരയിടമാണെങ്കിൽ അവിടെയും ഉപേക്ഷിക്കും. എതിർത്താൽ റോഡിൽ ഉപേക്ഷിച്ചിട്ടു പോകുകയാണ്. വഴിയരികിൽ ഇങ്ങനെ ഉപേക്ഷിക്കുന്ന ട്യൂബുകൾ പൊട്ടി ചില്ലുകൾ കാൽനടയാത്രക്കാരുടെ കാലുകളിൽ തറച്ചുകയറുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് തെരുവുവിളക്കുകൾ പരിപാലിക്കാനുള്ള ചുമതല. അതിനാൽ ഇത്തരം ട്യൂബുകളും ചോക്കുകളും ഉൾപ്പെടെയുള്ള ഇലട്രോണിക് മാലിന്യങ്ങളും തിരികെ എടുക്കേണ്ടതും അവരുടെ ചുമതലയാണ്. എന്നാൽ അധികൃതർ അതിനു തയാറാകുന്നില്ല. മറ്റുള്ള മാലിന്യങ്ങൾ കാരണം പൊറുതിമുട്ടിയ നാട്ടുകാർക്ക് ഇതു കൂടുതൽ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞു കിടക്കുന്ന മരക്കൊമ്പുകളും മറ്റും ടച്ചിംഗ് വെട്ടിന്റെ പേരിൽ വെട്ടി മാറ്റുമ്പോൾ അതും റോഡിൽ ഉപേക്ഷിക്കുകയാണ് വർഷത്തിൽ ഒന്നും രണ്ടും തവണ ഇത്തരത്തിൽ ടച്ചിങ്ങ് നീക്കാൻകരാർ നൽകാറുണ്ട്. വെട്ടി റോഡിലേക്ക് ഇടുന്നതിനാൽ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതോടൊപ്പം അപകടങ്ങളും സംഭവിക്കുന്നു. അടിയന്തരമയി ഇതിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.