oda
തിരുവല്ല വൈ.എം.സി.എ ജംഗ്‌ഷന് സമീപം മലിനജലം കെട്ടിക്കിടക്കുന്ന മേൽമൂടിയില്ലാത്ത ഓട

തിരുവല്ല: നഗരത്തിലെ ചില റോഡുകൾ മെച്ചപ്പെട്ടെങ്കിലും മലിനജലം ഒഴുകുന്ന ഓടകൾ യാത്രക്കാരെ കെണിയിലാക്കാൻ കാത്തിരിക്കുകയാണ്. വാ പിളർന്നു കാത്തിരിക്കുന്ന ഓടകളിൽ വീണു നിരവധിപേർക്ക് അപകടം പറ്റിയെങ്കിലും ഇപ്പോഴും ചിലയിടങ്ങളിൽ മേൽമൂടി സ്ഥാപിച്ചിട്ടില്ല. തിരുവല്ല - പത്തനംതിട്ട റോഡും റെയിൽവേ സ്റ്റേഷൻ റോഡും സംഗമിക്കുന്ന വൈ.എം.സി.എ ജംഗ്‌ഷനിലാണ് യാത്രക്കാർക്ക് ഭീഷണിയാകുന്ന ഓടകൾ. മലിനജലം ഒഴുകിപ്പോകാതെ ഇവിടെ കെട്ടിക്കിടക്കുന്നതിനാൽ ദുർഗന്ധവും രൂക്ഷമാണ്. അടുത്തിടെ ഇവിടെ റോഡിന് കുറുകെ ഓട നിർമ്മിച്ചിരുന്നു. കുറുകെയുള്ള ഓടയുടെ കോൺക്രീറ്റിംഗ് പൂർത്തിയായെങ്കിലും സമീപത്തെ ഓടയുടെ സ്ഥിതി അതിദയനീയമാണ്. രാപകൽ വ്യത്യാസമില്ലാതെ യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന ഇവിടുത്തെ ഓടകളിൽ വീണ് അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. റെയിൽവേ സ്റ്റേഷൻ റോഡ് നിരവധി തവണ പുതുക്കി നിർമ്മിച്ചെങ്കിലും മലിനജലം ഒഴുകിപ്പോകുന്ന ഓടകൾ നവീകരിക്കാൻ നടപടിയുണ്ടായില്ല. മാത്രമല്ല കാൽനട യാത്രക്കാർക്ക് പോകാനും റോഡിൽ ഇടമില്ല. വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്ന റോഡിൽ നടന്നുപോകാൻ ഇടമില്ലാതെ വാഹനങ്ങളിൽ മുട്ടി ഒട്ടേറെ പേർക്ക് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡിലെ ഓടകൾക്ക് മേൽമൂടി സ്ഥാപിച്ചാൽ കാൽനട യാത്രക്കാർക്ക് പ്രയോജനപ്രദമാണ്.

.......................

അപകടം പതിയിരിക്കുന്ന ഓടകൾക്ക് മേൽമൂടി സ്ഥാപിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണം. കാലാവസ്ഥ അനുകൂലമായതിനാൽ ഇത്തരത്തിലുള്ള ജോലികൾ മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കണം.
എം.സലിം
പ്രസിഡന്റ്, മർച്ചന്റ്‌സ് അസോസിയേഷൻ, തിരുവല്ല.