photo
പ്രമാടം മറൂരിലെ എം.സി.എഫിന് മുന്നിൽ മാലിന്യം കുമിഞ്ഞു കൂടിയ നിലയിൽ

പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് മറൂരിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഇരുമ്പ് കൂട് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. പ്രദേശത്തെ മാലിന്യക്കൂമ്പാരമാക്കുന്നതിനൊപ്പം നാടുനീളെ പകർച്ച വ്യാധി ഭീഷണിയും സൃഷ്ടിക്കുകയാണ് പഞ്ചായത്തിന്റെ ഈ സംരംഭം. മാലിന്യ മുക്ത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ മറൂർ വ്യാഴിക്കടവിന് സമീപം സ്ഥാപിച്ചിട്ടുള്ള മിനി മെ​റ്റീരിയൽ കളക്ഷൻ ഫെസിലി​റ്റി കേന്ദ്രമാണ് (എം.സി.എഫ്) മറൂരിനെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്നത്.

വീടുകളിലെയും സ്ഥാപനങ്ങളിലെയും ഖരമാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാനുള്ള കേന്ദ്രത്തിൽ ഇറച്ചി അവശിഷ്ടങ്ങൾ വരെ വ്യാപകമായി എത്തിത്തുടങ്ങിയതോടെ പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന നിലയിലാണ് ഇവിടം. ഒരു വർഷം മുമ്പാണ് ഇവിടെ ഖരമാലിന്യ ശേഖരണ കേന്ദ്രം സ്ഥാപിച്ചത്. എന്നാൽ ഒരുതവണ മാത്രമാണ് ഇവിടുത്തെ മാലിന്യം നീക്കം ചെയ്തത്. ഇപ്പോൾ എം.സി.എഫിന് പുറത്ത് മാലിന്യങ്ങൾ പുറത്തേക്ക് കുന്നുകൂടിയ നിലയിലുമാണ്. അശാസ്ത്രീയമായി കുമിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യം തെരുവുനായകളും പക്ഷികളും വലിച്ച് റോഡുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കിയിട്ടുണ്ട്.

കുടിവെള്ള പദ്ധതികൾക്ക് ഭീഷണി

അച്ചൻകോവിലാ​റ്റിലെ വ്യാഴി കടവിന് മുകളിലായാണ് അശാസ്ത്രീയമായി എം.സി.എഫ്

സ്ഥാപിച്ചിരിക്കുന്നത്. ഇതിന് താഴെയാണ് പത്തനംതിട്ട നഗരസഭയിലേക്ക് കുടിവെളളം എത്തിക്കുന്ന കല്ലറക്കടവ് ശുദ്ധജല പദ്ധതിയും പ്രമാടം ഗ്രാമപഞ്ചായത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന മറൂർ ശുദ്ധജല പദ്ധതിയും . എം.സി.എഫും പരിസരവും കഴിഞ്ഞ് മാലിന്യങ്ങൾ റോഡിൽ വരെ എത്തിയിട്ടുണ്ട്. ജനവാസം കുറഞ്ഞ പ്രദേശമായതിനാൽ പത്തനംതിട്ടയിലെയും പ്രമാടത്തെയും ഇറച്ചിക്കടകളിൽ നിന്നും ഹോട്ടലുകുകളിൽ നിന്നും വരെ അവശിഷ്ടങ്ങൾ ഇവിടെ എത്തുന്നുണ്ട്.

ഹരിത കർമ്മസേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പാഴ് വസ്തുകൾ സംഭരിച്ച് വയ്ക്കുന്നതിന് വേണ്ടിയാണ് എം.സി.എഫുകൾ സ്ഥാപിച്ചിരിക്കുന്നത്. അനധികൃതമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിട്ട് മാസങ്ങളായെങ്കിലും തുടർ നടപടിയില്ല.

നടപടി വേണമെന്ന് നാട്ടുകാർ

മാലിന്യ നിക്ഷേപം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ രാത്രി കാല പട്രോളിംഗ് നടത്തണം. പ്രദേശത്ത് സി.സി. ടി.വി കാമറകൾ സ്ഥാപിക്കണം. കുമിഞ്ഞു കൂടിയ മാലിന്യം അടിയന്തിരമായി നീക്കം ചെയ്തില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കൽ ഉൾപ്പടെ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.