 
പന്തളം: ഫാക്ട് ജയദേവവർമ്മ (66)യുടെ നിര്യാണത്തിലൂടെ നഷ്ടമായത് കഥകളിയിലെ വേറിട്ട നടന മികവാണ് .
ഭാര്യാഗൃഹമായ പന്തളം തോന്നല്ലൂർ പാർവതിപുരം കൊട്ടാരത്തിൽ നിന്ന് രണ്ട് വർഷം മുമ്പാണ് ആലുവയിൽ അദ്ദേഹം സ്ഥിര താമസമാക്കിയത്.
അക്ഷരശ്ലോകവിദ്വാൻ അഞ്ചേരി കിഴക്കേചങ്കരംപാട്ട് കെ.സി.രാമവർമ്മയുടെയും ചൊവര കോയിക്കൽ മഠത്തിൽ നന്ദിനി നമ്പിഷ്ട്യാതിരിയുടെയും മകനായി 1955ലായിരുന്നു ജനനം. സ്‌കൂൾ പഠനത്തിന് ശേഷം ഫാക്ട് ഉദ്യോഗമണ്ഡൽ കഥകളി വിദ്യാലയത്തിൽ കലാമണ്ഡലം വൈക്കം കരുണാകരൻ നായർ, കുടമാളൂർ കരുണാകരൻ നായർ, ഫാക്ട് ഭാസ്‌കരൻ എന്നിവരുടെ ശിക്ഷണത്തിൽ കഥകളി വേഷം പഠിച്ചു. പിന്നീട് കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിൽ കോട്ടക്കൽ കൃഷ്ണൻകുട്ടിനായരുടെയും കോട്ടക്കൽ ചന്ദ്രശേഖരവാര്യരുടെയും ശിക്ഷണത്തിൽ തുടർപഠനം നടത്തി. തിരുവനന്തപുരം മാർഗിയിൽ പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള എന്നിവരുടെ ശിക്ഷണത്തിലും കഥകളി അഭ്യസിച്ചു.
സംവിധായകൻ രാജസേനനൊപ്പം 6 സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ചു. ബാലചന്ദ്രമേനോൻ, വിജി തമ്പി എന്നിവരോടൊപ്പവും സിനിമയിൽ സഹകരിച്ചു. ദൂരദർശനിൽ കഥകളി ' എ' ഗ്രേഡ് ആർട്ടിസ്റ്റാണ്. മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പാനലിലും, കൊച്ചി അമൃത സ്‌കൂളിലും അദ്ധ്യാപകനായിരുന്നു. ഭാര്യ:പത്മജ തമ്പുരാട്ടി . മക്കൾ: രാം കശ്യപ് വർമ്മ, ഗോകുൽ കൃഷ്ണ രാജ. മരുമകൾ: വിദ്യ രാം. സഹോദരങ്ങൾ: ഗിരിജാ വർമ്മ, അശോകവർമ്മ, ഗീത രാജ.