photo
പൊതുജന ജാഗ്രത വേണം

പ്രമാടം : അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രമാടം പഞ്ചായത്ത് മറൂർ വ്യാഴി കടവിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം.സി.എഫ് ഇവിടെ നിന്നും മാറ്റാൻ തീരുമാനം. മാലിന്യ മുക്ത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് അച്ചൻകോവിലാറ്റിലെ വ്യാഴി കടവിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള മിനി മെ​റ്റീരിയൽ കളക്ഷൻ ഫെസിലി​റ്റി കേന്ദ്രം മാലിന്യ കൂമ്പാരങ്ങളായി മാറിയതോടെ നാട് പകർച്ചവ്യാധി ഭീഷണിയിലായത് സംബന്ധിച്ച് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.ഇതേ തുടർന്ന് വാർഡ് മെമ്പർ കെ.എം.മോഹനന്റെ നിർദ്ദേശ പ്രകാരമാണ് ഇത് ഇവിടെ നിന്നും മാറ്റി സ്ഥാപിക്കാൻ പഞ്ചായത്ത് തീരുമാനമായത്. അനിയോജ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. എം.സി.എഫിന് പുറത്ത് കുമിഞ്ഞ് കൂടി കിടക്കുന്ന മാലിന്യങ്ങൾ ഏറെ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഹരിത കർമ്മസേനാ പ്രവർത്തകരുടെ അഭാവമാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണം. അച്ചൻകോവിലാ​റ്റിലെ വ്യാഴി കടവിന് മുകളിലായാണ് മിനി എം.സി.എഫ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് താഴെയാണ് പത്തനംതിട്ട നഗരസഭയിലേക്ക് കുടിവെളളം എത്തിക്കുന്ന കല്ലറക്കടവ്, പ്രമാടം പഞ്ചായത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന മറൂർ ശുദ്ധജല പദ്ധതികൾ സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ഇരു കുടിവെള്ള പദ്ധതികളെയും ആശ്രയിച്ച് കഴിയുന്നത്.

ഹോട്ടലുകളിൽ നിന്നുള്ള മാലിന്യം
എം.സി.എഫും പരിസരവും നിറഞ്ഞ് കഴിഞ്ഞ ദിവസം മാലിന്യങ്ങൾ റോഡിൽ വരെ എത്തിയിരുന്നു.ജനവാസം കുറഞ്ഞ പ്രദേശമായതിനാൽ ദൂര സ്ഥലങ്ങളിലെ അറവ് ശാലകളിൽ നിന്നും ഹോട്ടലുകളിൽ നിന്ന് അവശിഷ്ടങ്ങൾ ഇവിടെ വ്യാപകമായി എത്തിക്കുന്നുണ്ട്. പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ തെരിവുനായകളും പക്ഷികളും മ​റ്റും വ്യാപകമായി സമീപ വീടുകളിലെ കിണറുകളിലും അച്ചൻകോവിലാ​റ്റിലും നിക്ഷേപിക്കുന്നുണ്ട്. ഇത് വലിയ പകർച്ച വ്യാധി ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

രാത്രികാല പരിശോധന കർശനമാക്കും

അനധികൃത മാലിന്യ നിക്ഷേപം ശിക്ഷാർഹമാണെന്ന മുന്നറിയിപ്പ് ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.മിനി എം.സി.എഫുകളിലെ അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പ്രമാടം പഞ്ചായത്ത് മുന്നറിയിപ്പ് നൽകി. പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് രാത്രികാല പരിശോധ കർശനമാക്കുകയും സി.സി.ടി.സി കാമറകൾ പ്രദേശത്ത് സ്ഥാപിക്കുകയും ചെയ്യും.

..........................

ഹരിത കർമ്മസേന വീടുകളിൽ നിന്നും തരംതിരിച്ച് ശേഖരിക്കുന്ന പാഴ് വസ്തുകൾ സംഭരിച്ച് വയ്ക്കുന്നതിന് വേണ്ടിയാണ് എം.സി.എഫുകൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. ഇവിടം പൊതുമാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാ​റ്റരുത്. അറവുമാടുകളുടെയും ഇറച്ചിക്കോഴിയുടേയും ഉൾപ്പെടെ അവശിഷ്ടടങ്ങൾ കവറുകളിലക്കി ഇവിടങ്ങളിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ നാട് പകർച്ചവ്യാധി ഭീഷണി നേരിടും. ഇതിനെതിരെ പൊതുജന ജാഗ്രത വേണം.

(പഞ്ചായത്ത് അധികൃതർ)

-രാത്രികാല പരിശോധന കർശനമാക്കും

-നിരീക്ഷണ കാമറ സ്ഥാപിക്കും