
തെങ്ങമം: മനോഹരമായ രണ്ട് ചിറകൾ. അടൂരിന്റെ ടൂറിസം രംഗത്ത് വികസനത്തിന്റെ മേനി പറച്ചിലിൽ എന്നും പറഞ്ഞുകേൾക്കുന്ന പേരുകളാണ് അടൂർ പുതിയ കാവിൽ ചിറയും പള്ളിക്കൽ ആറാട്ട് ചിറയും. പുതിയ കാവിൽ ചിറയുടെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രിമാർ നിരവധി ഉദ്ഘാടനങ്ങൾ നടത്തി. അഞ്ച് കോടിയിലധികം രൂപയും പല തവണയായി ചെലവഴിച്ചു. പക്ഷേ ചിറ പായൽ മൂടി നശിച്ചുകിടക്കുകയാണ്. ചിറയുടെ തീരത്ത് ടൈൽ പാകി പ്രഭാത നടത്തത്തിനുള്ള സൗകര്യമൊരുക്കിയിരുന്നു. കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു. ചിറയിൽത്തന്നെയാണ് ഹോട്ടൽ ആരാമം പ്രവർത്തിക്കുന്നത്. ചിറയ്ക്ക് ചുറ്റും പൂന്തോട്ടം ഒരുക്കുമെന്നും സഞ്ചാരികളെ ആകർഷിക്കാൻ ചിറയിൽ ബോട്ടിംഗ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. ഉദ്ഘാടനം നടത്തിയതല്ലാതെ ഒന്നും നട ന്നില്ല. ഇന്ന് കുട്ടികളുടെ പാർക്കിൽ സ്ഥാപിച്ച കളിക്കോപ്പുകൾ കാട് കയറി തുരുമ്പെടുത്ത് നശിച്ചു. ബോട്ടിംഗ് ആരംഭിച്ചില്ലെന്നു മാത്രമല്ല ചിറയിലെ പായൽ നീക്കാൻ പോലും സാധിക്കാതെ ചിറ നശിച്ചു. അടൂരിൽ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ പൊതുഇടങ്ങളില്ല. ആ കുറവ് പരിഹരിക്കാനാണ് പുതിയ കാവിൽ ചിറയുടെ വികസനം അധികൃതർ മുന്നോട്ട് വെച്ചത്. ഒന്നും നടപ്പായില്ല.
മനോഹരമായ ചിറയാണ് പള്ളിക്കൽ ആറാട്ടുചിറ . പത്തേക്കറിലധികം വരുന്ന ചിറയിൽ കൈയേറ്റക്കാർ ബാക്കി വച്ച ഏഴ് ഏക്കറിലധികം ഉണ്ട് ഇപ്പോൾ . കാവുകളുടെ സാമിപ്യമാണ് ഇവിടുത്തെ ഒരു വശ്യത . ചിറയുടെ മൂന്നതിരുകളിൽ കോട്ടേജുകൾ, ബോട്ടിംഗ് , ക്യാമ്പുകളും, കൺവെൻഷനുകളും നടത്താനുള്ള കോൺഫറൻസ് ഹാൾ, രാജ്യാന്തര മത്സരങ്ങൾ പോലും നടത്താൻ കഴിയുന്ന നീന്തൽ സ്റ്റേഡിയം എന്നിവ പദ്ധതിയായി പറഞ്ഞ് കേൾക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. നിലവിൽ ടൂറിസം വകുപ്പിന്റെ പരിഗണനയിൽ പോലും ആറാട്ട് ചിറയില്ല.