lahari
ചെങ്ങന്നൂർ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി നടത്തിയ ഏകദിന ശില്പശാല പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: കേരളത്തിന്റെ ഭാവിപ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് വിദ്യാർത്ഥി- യുവസമൂഹത്തിനിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സർക്കാരിന്റെ വിവിധ വകുപ്പുകൾ കൈകോർക്കുന്നു. പൊതുവിദ്യാഭ്യാസവകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ എക്‌സൈസ് - പൊലീസ്-ആരോഗ്യ- തദ്ദേശസ്വയംഭരണവകുപ്പുകൾ സംയുക്തമായി ലഹരി വിമുക്ത സമൂഹനിർമ്മിതിക്കായി വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടം എന്ന നിലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന മുഴുവൻ എൽ.പി,യു.പി , എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ് ഇ വിഭാഗം അദ്ധ്യാപകരെയും ഉൾപ്പെടുത്തി ഏകദിന ശില്പശാല നടത്തി. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ ശില്പശാലയുടെ ഉപജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങന്നൂർ എ.ഇ.ഒ കെ.സുരേന്ദ്രൻ പിള്ള , ബി.പി.സി ജി.കൃഷ്ണകുമാർ, ബി.ആർ.സി ട്രെയിനർ പ്രവീൺ വി.നായർ, ചെങ്ങന്നൂർ എക്‌സൈസ് ഇൻസ്‌പെക്ടർ അരുൺകുമാർ വി,റിട്ടയേർഡ് എക്‌സൈസ് ഓഫീസർ ശ്രീകുമാർ എം.കെ, ആർ.പി മാരായ ഉമാറാണി കെ.എൻ, ശ്യാംലാൽ സി എന്നിവർ പ്രസംഗിച്ചു.കുട്ടികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, പൊതുസമൂഹം എന്നിങ്ങനെ വിവിധ തലങ്ങളിലുള്ളവർ ബോധവത്ക്കരണത്തിന്റ ഭാഗമായി ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കാളികളായി. ആദ്യഘട്ടത്തിൽ നാലുകേന്ദ്രങ്ങളിലായി ഏകദേശം 20 പരിശീലന ബാച്ചുകളാണ് ക്രമീകരിച്ചിരിക്കുന്നത്.