പത്തനംതിട്ട:വെള്ളക്കരം കുടിശികയായ 1.68 കോടിയിൽ, കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും ഇന്ന് അടച്ചാൽ മിനി സിവിൽ സ്റ്റേഷനിലെ ജലവിതരണം പുന:സ്ഥാപിക്കാമെന്ന് വാട്ടർ അതോറിറ്റി. കുടിശിക അടയ്ക്കാൻ കുറഞ്ഞത് മൂന്നു മാസത്തെ സമയം ചോദിച്ച് കോഴഞ്ചരി താലൂക്ക് തഹസിൽദാർ നൽകിയ കത്തിന് മറുപടിയായാണ് വാട്ടർ അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം അടയ്ക്കാതെ ജലവിതരണം പുന:സ്ഥാപിക്കേണ്ടെന്ന് വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടറുടെ ഒാഫീസ് പത്തനംതിട്ട ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി.
ഒരു ലക്ഷം രൂപ അടയ്ക്കണമെന്ന് വാട്ടർ അതോറിറ്റി കത്തു നൽകിയത് തഹസിൽദാർ ജില്ലാ കളക്ടർക്ക് കൈമാറി. കളക്ടറേറ്റിൽ നിന്ന് താലൂക്ക് ഒാഫീസിലേക്ക് ഫണ്ട് കൈമാറിയതായാണ് വിവരം. ഇന്ന് തുക അടച്ചാൽ ജലവിതരണം ഉടൻ പുന:സ്ഥാപക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.
മിനി സിവിൽ സ്റ്റേഷനിൽ ഇന്നലെ തുള്ളി വെളളം പോലും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസം ഫയർഫോഴ്സ് വെള്ളം എത്തിച്ചിരുന്നു. ഇന്നലെ ടാങ്കറിൽ വെള്ളം കൊണ്ടുവന്നില്ല. ഇതിനുള്ള തുക ആര് നൽകും എന്നത് തർക്കമായതോടെയാണ് വെള്ളം ലഭിക്കാതിരുന്നത്. ഇന്ന് വാട്ടർ അതോറിറ്റിയിൽ പണം അടച്ചാൽ വെള്ളം കിട്ടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.