 
റാന്നി : സി.പി.എം നേതാക്കൾ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കത്തെഴുതിവച്ച ശേഷം ആത്മഹത്യ ചെയ്ത പെരുനാട് മഠത്തുംമൂഴി മേലേതിൽ എം.എസ്.ബാബു (68)വിന്റെ സംസ്കാരം നടത്തി. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് വീടിനടുത്തുള്ള റബർതോട്ടത്തിൽ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തെങ്കിലും ആത്മഹത്യാക്കുറിപ്പിൽ പേര് പരാമർശിച്ചവർ എത്തിയിരുന്നില്ല. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്.മോഹനൻ, പഞ്ചായത്തംഗം ശ്യാം, ലോക്കൽ സെക്രട്ടറി റോബിൻ എന്നിവർക്കെതിരെയാണ് ആത്മഹത്യാക്കുറുപ്പിൽ പരാമർശമുള്ളത്. വെയിറ്റിംഗ് ഷെഡ് പുതുക്കിപ്പണിയാനായി സി.പി.എം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി വീടിനോടു ചേർന്നുള്ള വസ്തു കൈക്കലാക്കാൻ നടത്തിയ നീക്കത്തിൽ മനംനൊന്താണ് മരിക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഭാര്യ കുസുമകുമാരിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്. എന്നാൽ കുസുമകുമാരി നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ല .അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
മുൻ മിസോറാം ഗവർണറും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരൻ ബാബുവിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ദക്ഷിണ മേഖലപ്രസിഡന്റ് കെ. സോമൻ, ജനറൽ സെക്രട്ടറി പി.ആർ ഷാജി,ജില്ലാ പ്രസിഡന്റ് വി. എ. സൂരജ്, ജനറൽ സെക്രട്ടറി ആയിരൂർ പ്രദീപ്, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അരുൺ പ്രകാശ്, ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻ ജി കുറുപ്പ്, മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, സെക്രട്ടറി അനീഷ് നായർ,പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ ,പഞ്ചായത്ത് പ്രസിഡന്റ് സോമസുന്ദരം പിള്ള എന്നിവർ ഒപ്പമുണ്ടായിരുന്നു.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ബി.ജെ.പി നാളെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും.
.