പന്തളം : പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് സർക്കാർ അനുവദിച്ച ഫണ്ട് നഗരസഭ വിനിയോഗിച്ചില്ലെന്ന് ആരോപിച്ച് കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പെടുന്ന വാർഡിലെ കൗൺസിലർ എച്ച്,.സക്കീർ നഗരസഭ കവാടത്തിൽ സത്യഗ്രഹസമരം നടത്തി. നഗരസഭ കൗൺസിൽ യോഗത്തിൽ ഈ വിഷയം ഉന്നയിച്ച് എൽ.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചിരുന്നു. വാർഡു സഭകൾ കൂടാനും, വ്യക്തിഗതാനുകൂല്യങ്ങൾ നൽകുവാനും ശബരിമല തീർത്ഥാടന കാലം ഭംഗിയായി നടത്തുവാനും സഹകരിക്കുവാൻ തയ്യാറായാണ് യോഗത്തിനെത്തിയതെന്ന് എൽ.ഡി. എഫ് കൗൺസിലർമാർ പറഞ്ഞു. പക്ഷേ കഴിഞ്ഞവർഷം ശബരിമല തീർത്ഥാടന ഒരുക്കങ്ങൾക്കായി ലഭിച്ച തുക ചെലവഴിച്ചത് സംബന്ധിച്ച് വ്യക്തമായ കണക്കോ ഫയലോ ഹാജരാക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. ഈ വിഷയം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ ഹാജരായതുമില്ല. തുടർന്ന് പ്രതിപക്ഷബഹളത്തിൽ മുങ്ങിയ കൗൺസിൽ അജണ്ട മാറ്റിവയ്ക്കുകയായിരുന്നു. കുടുംബാരോഗ്യകേന്ദത്തിനു വകയിരുത്തിയ തുക പദ്ധതി രേഖയിൽ അപ്രത്യക്ഷമായതിനെക്കുറിച്ച് സി.പി.എം കൗൺസിലർ എച്ച്. സക്കീർ ആരാഞ്ഞു. തുടർന്ന് എൽ.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിക്കുകയായിരുന്നു. തുടർന്ന് നടന്ന സമരം എൽ .ഡി. എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എസ്. അരുൺ അദ്ധ്യക്ഷത വഹിച്ചു സി.പി.എം പന്തളം ഏരിയാ സെക്രട്ടറി ആർ .ജ്യോതികുമാർ, കൗൺസിലർമാരായ റ്റി.കെ സതി, അജിതകുമാരി, അംബികാരാജേഷ് , ഷെഫിൻ റജീബ് ഖാൻ, എന്നിവർ പ്രസംഗിച്ചു. ശബരിമല തീർത്ഥാടനത്തിനായി സർക്കാർ നൽകിയ ഫണ്ട് പദ്ധതി തയ്യാറാക്കി സമയബന്ധിതമായി നടപ്പിലാക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ ,കെ ആർ രവി, പന്തളം മഹേഷ് ,സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ കൗൺസിലിൽ ആവശ്യപ്പെട്ടു,