കോന്നി: ഗവ. മെഡിക്കൽ കോളേജിൽ ഈ അദ്ധ്യയനവർഷത്തെ അലോട്ട്‌മെന്റ് ഒക്ടോബറിൽ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എം.ബി.ബി.എസ് പ്രവേശനത്തിന് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിച്ച ശേഷം കോന്നി മെഡിക്കൽ കോളേജ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കി, കോന്നി മെഡിക്കൽ കോളജുകൾക്ക് അംഗീകാരം ലഭിച്ചതിലൂടെ 200 എം.ബി.ബി.എസ് സീറ്റുകളാണ് നേടാനായത്. ആദ്യവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയിൽ നിന്ന് ലഭ്യമാക്കി. കൂടുതൽ സ്‌പെഷ്യലിറ്റി സേവനങ്ങളും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാനായി ഇഹെൽത്തും നടപ്പാക്കും. ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി.ടി സ്‌കാൻ അഞ്ചു കോടി രൂപ വിനിയോഗിച്ച് ഉടൻ സ്ഥാപിക്കും. ദേശീയ നിലവാരത്തിലുള്ള ആധുനിക ലേബർ റൂം മൂന്നരക്കോടി രൂപ ലക്ഷ്യാ പദ്ധതിയിലൂടെ വിനിയോഗിച്ച് ഈ വർഷം തന്നെ ആരംഭിക്കും. രക്ത ബാങ്ക് ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.യു. ജനീഷ് കുമാർ എംഎൽഎ, അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ്, മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു, സ്‌പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദ്, കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോബ്, സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രൻ, നോഡൽ ഓഫീസർ ഡോ. ഹബീബ്, കെഎംഎസ് സിഎൽ എംഡി ഡോ. എസ് ചിത്ര, എൻഎച്ച്എം ഡിപിഎം ഡോ. എസ്. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.