1
മല്ലപ്പള്ളി മിനി സിവിൽസ്റ്റേഷൻ

മല്ലപ്പള്ളി : പതിനാറ് വർഷങ്ങൾ പിന്നിടുമ്പോഴും മല്ലപ്പള്ളിയിലെ മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് സ്ഥാപിച്ചില്ല. പലയിടങ്ങളിലായി പ്രവർത്തിച്ചിരുന്ന

സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം പ്രവർത്തനം തുടങ്ങിയത്. പ്രായമായവരുടെയും , അംഗപരിമിതരുടെയും സൗകര്യങ്ങൾക്കായി ലിഫ്റ്റ് സ്ഥാപിക്കാൻ നടപടിയില്ല. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഒന്ന് രണ്ട്നിലകളിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ എത്താൻ പടിക്കെട്ടുകൾ താണ്ടാതെ പറ്റില്ല.ഒന്നാം നിലയിൽ മല്ലപ്പള്ളി എഴുമറ്റൂർ പഞ്ചായത്തുകളിലെ റേഷനിംഗ് ഇൻപെക്ടറുടെ ഓഫീസും, സബ്റീജനൽ ട്രാൻസ്പോർട്ട് ഓഫീസ്,ക്ഷീര വികസന ഓഫീസ്,പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ്,പൊതുമരാമത്ത് നിരത്തുക എൻജിനീയറുടെ ഓഫീസ്,താലൂക്ക് സപ്ലൈ ഓഫീസ്,താലൂക്ക് ഗവ.എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയും ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്,ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ്,അസിസ്റ്റന്റ് ലേബർ ഓഫീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് തുടങ്ങിയവയെല്ലാം ഏറ്റവും മുകളിലത്തെ നിലയിലുമാണുള്ളത്. ഇവിടങ്ങളിലെ ഓഫീസുകളിൽ വിവിധ ആവശ്യത്തിന് എത്തുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. 2006 ജനുവരി 27ന് ഉദ്ഘാടനം നിർവഹിച്ച മൂന്ന് നിലകളുള്ള കെട്ടിടത്തിൽ 19 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. രണ്ടാം നിലയിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരുന്ന പട്ടികജാതി വികസന ഓഫീസ് 2020 ഒക്ടോബർ 10ന്ബ്ലോക്ക് പഞ്ചായത്ത് പരിസരത്തെ സ്വരാജ് ഭവൻ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അടുത്തിടെ കെട്ടിടം പെയിന്റ് ചെയ്യുകയും ഇരിപ്പിട സൗകര്യവും ക്രമീകരിക്കുകയും ചെയ്തിരുന്നെങ്കിലും ലിഫ്റ്റ് സ്ഥാപിക്കുകയെന്നത് താലൂക്ക് നിവാസികൾക്ക് സ്വപ്നം മാത്രമാകുകയാണ്.

....................

കെട്ടിടം സ്ഥാപിച്ചിട്ട് 16 വർഷം

19 സ്ഥാപനങ്ങൾ

..............

ദിവസവും ആവശ്യങ്ങൾക്കായി നിരവധി ആളുകളാണ് മിനിസിവിൽ സ്റ്റേഷനിൽ വന്നു പോകുന്നത്. പ്രായമായവരാണ് മുകളിലത്തെ നിലകളിൽ എത്താൻ ബുദ്ധിമുട്ടുന്നത്. ലിഫ്റ്റ് സ്ഥാപിച്ചാൽ വരുന്നവർക്ക് ഏറെ ഗുണം ചെയ്യും.

സുരേന്ദ്രൻ

(പ്രദേശവാസി)