1
പി എം കിസാൻ പദ്ധതി രജിസ്ട്രേഷൻ പുതുക്കാനായി പള്ളിക്കൽ കൃഷിഭവന്റെ ഇടുങ്ങിയ ഇടനാഴിയിൽ ക്യൂ നിൽക്കുന്നവർ

പള്ളിക്കൽ: പി.എം.കിസാൻ രജിസ്ടേഷൻ പുതുക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുമ്പോൾ പള്ളിക്കൽ കൃഷിഭവൻ പരിധിയിൽ പകുതിയിലധികം ആളുകളും രജിസ്ട്രേഷൻ പുതുക്കിയില്ല. കൃഷി ഓഫീസിൽ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാത്തതിനാലാണ് കർഷകർക്ക് രജിസ്ടേഷൻ ചെയ്യാൻ പറ്റാതെ പോയതെന്നാരോപിച്ച് ബി.ജെ പി പ്രവർത്തകർ പ്രതിഷേധവുമായി കൃഷിഭവനിലെത്തി. പള്ളിക്കൽ കൃഷിഭവൻ പരിധിയിൽ 8000 കർഷകരാണ് പി.എം കിസാൻ പദ്ധതി പ്രകാരം ആനുകൂല്യം കൈപ്പറ്റുന്നത്. രജിസ്ട്രേഷൻ പുതുക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കുമ്പോൾ ഇന്നലത്തെ കണക്കുപ്രകാരം 3800 പേരിനടുത്ത് രജി:പുതുക്കിയിട്ടുള്ളു. മൂന്ന് മാസമായി വിവിധതരത്തിൽ അറിയിപ്പ് കൊടുത്തിട്ടും കർഷകർ എത്താത്തത് വരുമാന പരിധി കൂടിയവർ, ഇൻകം ടാക്സ് അടച്ചവർ , എന്നിങ്ങനെയുള്ളവരെ കണ്ടുപിടിച്ച് കിസാൻ പദ്ധതി പ്രകാരം കൈപറ്റിയ തുക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കത്ത് കൊടുത്തിട്ടുണ്ട്. ഇതൊക്കെയാണ് രജിസ്ട്രേഷൻ പുതുക്കുന്നതിന്റെ എണ്ണം കുറയാൻ കാരണമായി കൃഷിഭവൻ അധികൃതർ പറയുന്നത്.

കൃഷിഭവന്റെ ഇടുങ്ങിയ മുറിയിൽ നീണ്ട നിര

വാടക കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഒട്ടും സൗകര്യങ്ങളില്ലാത്ത ഇടുങ്ങിയ മൂന്ന് മുറികളിലാണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്. കർഷകർ എത്തിയാൽ നിൽക്കാൻ പോലും ഇടമില്ല. ഇന്നലെ രാവിലെ മുതൽ ഓഫീസിലേക്ക് കയറുന്ന പടിക്കെട്ടിലും ഇടനാഴിയിലുമായിട്ടാണ് രജിസ്ട്രേഷൻ പുതുക്കാൻ എത്തിയവർ നിന്നത്. ഓഫീസിലാകെ മൂന്ന് ജോലിക്കാർ മാത്രം. മണിക്കൂറുകളോളം പടിക്കെട്ടിൽ നിന്ന് ആളുകൾ കുഴഞ്ഞു. വിവരമറിഞ്ഞ് ബി.ജെ.പി പള്ളിക്കൽ ഏര്യാ പ്രസിഡന്റ് വിജയകുമാർ തെങ്ങമം, കർഷക മോർച്ച ഏര്യാ പ്രസിഡന്റ് രവീന്ദ്രൻപിള്ള , ബി.ജെ.പി പള്ളിക്കൽ ഏര്യാ സെക്രട്ടറി കണ്ണമത്ത് സുനിൽ, എസ്.സി മോർച്ച പള്ളിക്കൽ ഏര്യാ പ്രസിഡന്റ് പള്ളിക്കൽ രാധാകൃഷ്ണൻ, കർഷക മോർച്ച മണ്ഡലം കമ്മിറ്റി അംഗം ഹരി.ജെ എന്നിവർ പ്രതിഷേധവുമായി എത്തി. കൃഷി ഓഫീസർ സ്ഥലത്തില്ലാത്തതിനാൽ കൃഷി അഡി.ഡയറക്ടർ റോഷനെ വിവരം ധരിപ്പിച്ചു. അദ്ദേഹം കൃഷിഭവനിലെത്തി പ്രവർത്തകരുമായി സംസാരിച്ച ശേഷം പഞ്ചായത്ത് അധികൃതരുമായി ബന്ധപെട്ട് ഇന്ന് പള്ളിക്കലിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾക്ക് രജിസ്ട്രേഷൻ ചെയ്യാൻ അവസരമൊരുക്കാമെന്ന് അറിയിച്ചു.

..............

കർഷകർക്ക് ഏറെ ഗുണകരമായ കേന്ദ്രസർക്കാർ പദ്ധതിയായ പി.എം കിസാൻ പദ്ധതി സമയബന്ധിതമായി രജിസ്ട്രേഷൻ പുതുക്കുന്നതിൽ പള്ളിക്കൽ കൃഷി ഭവൻ അധികൃതർ ഗുരുതരമായ അലംഭാവം കാട്ടി.

വിജയകുമാർ തെങ്ങമം

(ബി.ജെ. പി പള്ളിക്കൽ

ഏര്യാ പ്രസിഡന്റ്)