രണ്ടുപേർ പിടിയിൽ

കോന്നി : പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ പൊലീസ് ഇന്നലെ റെയ്ഡ് നടത്തി. രാവിലെ 7ന് കോന്നി ഡിവൈ.എസ്.പി ബൈജുകുമാർ,കോന്നി സി.ഐ രതീഷ്, കൂടൽ,കോന്നി, മൂഴിയാർ സബ് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കുമ്മണ്ണൂർ മുളന്തറ ചരിവ് പുരയിടത്തിൽ മുഹമ്മദ് ഷാൻ, കുമ്മണ്ണൂർ മാവനാൽ പുത്തൻവീട്ടിൽ അജ്മൽ ഷാജഹാൻ, അജ്മൽ അഹമ്മദ്ദ് എന്നിവരുടെ വീടുകളിലെ പരിശോധനയ്ക്ക് പിന്നാലെ മുഹമ്മദ് ഷാനെയും അജ്മലിനെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഹർത്താൽ ദിവസം വകയാറിൽ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ സംഭവത്തിലാണ് പിടിയിലായത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ലഘുലേഖകൾ,കൊടി തോരണങ്ങൾ,നോട്ടീസുകൾ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് 12ന് കാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റായ മുഹമ്മദ് ഷാനിന്റെ കോന്നി കാളഞ്ചിറയിലെ വീട്ടിൽ പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് നേതാവായ ഇയാൾ കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഗസ്റ്റ് അദ്ധ്യാപകനും എംഫിൽ അറബി ഒന്നാം റാങ്ക് ജേതാവുമാണ്. ഒന്നര മണിക്കൂർ നീണ്ട പരിശോധനയിൽ സംഘടനയുമായി ബന്ധപ്പെട്ട രേഖകൾ പൊലീസിന് ലഭിച്ചതായാണ് സൂചന.

പത്തനംതിട്ടയിലും റെയ്ഡ്

പത്തനംതിട്ട: ഹർത്താൽ ദിനത്തിലെ അക്രമവുയി ബന്ധപ്പെട്ട് പത്തനംതിട്ട നഗരത്തിലെ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് റെയ്ഡ്‌ നടത്തി .തുടർ നടപടികളുടെ ഭാഗമായാണ് പൊലിസ് പരിശോധന നടത്തിയത്. കുലശേഖരപ്പതി പമ്മം സ്വദേശികളായ മുഹമ്മദ് അലിഫ്, ഷെമീർ ഖാൻ' അനസ്. ഷെമീർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത് ' ചില രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഇവർ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടോ എന്നും പരിശോധിക്കും. പ്രതികൾ റിമാൻഡിലാണ് ..