പത്തനംതിട്ട: കേരള കർഷക സംഘം ജില്ലാ സമ്മേളനം ഇന്നു മുതൽ രണ്ടുവരെ മല്ലപ്പള്ളിയിൽ നടക്കും. 294 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള കൊടിരം, പതാക ജാഥകളുടെ സംഗമം ഇന്നു വൈകുന്നേരം അഞ്ചിന് മല്ലപ്പള്ളിയിൽ നടക്കും. മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സി.കെ.മോഹനൻ നായർ നഗറിൽ നാളെ രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് പതാക ഉയർത്തും. തുടർന്നു നടക്കുന്ന പ്രതിനിധി സമ്മേളനം കർഷക സംഘം നേതാവ് എം.എം.മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആർ.തുളസീധരൻപിള്ള പ്രവർത്തന റിപ്പോർട്ടും എം.പ്രകാശൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. രണ്ടിനു രാവിലെ പ്രതിനിധി സമ്മേളനം തുടരും. കെ.കുഞ്ഞമ്പു എം.എൽ.എ, വി.എസ്.പത്മകുമാർ, വത്സല മോഹൻ, പ്രാഫ.എം.ടി. ജോസഫ് എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് സി.എം.എസ് സ്‌കൂൾ പരിസരത്തുനിന്നും മല്ലപ്പള്ളി ടൗണിലേക്ക് കർഷകറാലി. നാലിനു നടക്കുന്ന സമ്മേളനം എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സംസ്ഥാന സമിതിയംഗം രാജു ഏബ്രഹാം, മന്ത്രി വീണാ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, എ. പത്മകുമാർ, ജി. ശ്രീരേഖ, പി.ആർ. പ്രദീപ് തുടങ്ങിയവർ പ്രസംഗിക്കും.ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത്, സെക്രട്ടറി ആർ. തുളസീധരൻപിള്ള, സംഘാടക സമിതി ചെയർമാൻ ബിനു വർഗീസ്, കൺവീനർ കെ.പി. രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.