 
പള്ളിക്കൽ :ഓഫീസ് പ്രവർത്തനം പോലും കാര്യക്ഷമമായി നടത്താൻ ഇടമില്ലാതെ വാടകക്കെട്ടിടത്തിലാണ് പള്ളിക്കൽ കൃഷി ഭവന്റെ പ്രവർത്തനം. കർഷകർക്ക് നൽകാനുള്ള വിത്ത്, കുമ്മായം, വിവിധ തൈകൾ എന്നിവ കൃഷി ഓഫീസറുടെ മുറിയിൽവരെ അടുക്കിവച്ചിരിക്കുകയാണ്. 50 രൂപ നിരക്കിൽ കർഷകർക്ക് നൽകാനെത്തിച്ചതാണ് ഇത്. പകുതി തെങ്ങിൻ തൈകൾ പോലും കർഷകർ വാങ്ങിയില്ല. ഇടനാഴിയിൽ അടുക്കിയിരിക്കുന്ന തെങ്ങിൻ തൈകൾക്കിടയിലൂടെ വേണം ഓഫീസ് ജീവനക്കാർക്കടുത്തെത്താൻ . പള്ളിക്കൽ, തെങ്ങമം , കൈതക്കൽ , ചെറുകുന്നം ഭാഗത്തുള്ള കർഷകർക്ക് 10 തെങ്ങിൻ തൈകൾ വാങ്ങണമെങ്കിൽ തൈ വാങ്ങുന്നതിന്റെ ഇരട്ടിയിലധികം തുക വണ്ടിക്കൂലി കൊടുക്കേണ്ടിവരും. പഞ്ചായത്തിന്റെ വടക്കുഭാഗം മാറിയാണ് കൃഷി ഭവൻ. ഇതുമൂലം പഞ്ചായത്തിലെ മൂന്നിലൊന്ന് കർഷകർക്കും കൃഷി ഓഫീസിലെത്തുക ദുഷ്കരമാണ്. കൃഷിഭവൻ മാറ്റി സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.